ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ്; മൊബൈൽ, കണ്ണട കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം, മലപ്പുറത്ത് ബാധകമല്ല

തിരുവന്തപുരം : സംസ്ഥാനത്തെ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. കണ്ണട വിൽക്കുന്ന കടകൾ, മൊബൈൽ കടകൾ എന്നിവയ്ക്ക് ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാം. ചൊവ്വ, ശനി ദിവസങ്ങളിൽ ഈ കടകൾക്ക് തുറന്നുപ്രവര്‍ത്തിക്കാം. . നാളെ മുതൽ ഇളവ് പ്രാബല്യത്തിൽ വരും. അതേസമയം ട്രിപ്പിൾ ലോക്ക്ഡൗൺ നിലനില്‍ക്കുന്ന മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല.

കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് ഉണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നത്. അതേസമയം വ്യാപന തോത് കുറയുമ്പോഴും മരണനിരക്ക് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 22,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍ഗോഡ് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

മലപ്പുറം ജില്ലയില്‍ രോഗവ്യാപനം കൂടുതലായതിനാല്‍ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. അതിനാല്‍ തന്നെ നിയന്ത്രണങ്ങളിലെ ഇളവ് ഇവിടെ ബാധകമാവില്ല. മറ്റ് 13 ജില്ലകളിലും പുതിയ ഉത്തരവിന്‍പ്രകാരം കടകള്‍ക്ക് പ്രവര്‍ത്തിക്കാനാകും.

Comments (0)
Add Comment