പതിവ് ചർച്ചകൾ മാത്രം, പ്രവാസികൾക്കോ കേരളത്തിനോ വേണ്ടിയുള്ള തീരുമാനങ്ങളില്ല; ലോക കേരള സഭയ്ക്ക് കൊടിയിറങ്ങി

 

തിരുവനന്തപുരം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിൽ തലസ്ഥാനത്ത് നടന്ന ലോക കേരള സഭയ്ക്ക് കൊടിയിറങ്ങി. പ്രമുഖ പ്രവാസി വ്യവസായികൾ വിട്ടുനിന്നതോടെ ലോക കേരള സഭയ്ക്കു ഇക്കുറി നിറംമങ്ങിയിരുന്നു. മൂന്നു കോടിയിലേറെ രൂപ ചിലവഴിച്ച് നടത്തിയ ലോക കേരള സഭയിൽ പതിവ് ചർച്ചകൾക്ക് ഉപരിയായി പ്രവാസികൾക്കോ കേരളത്തിനോ ഗുണം ചെയ്യുന്ന കാര്യമായ പദ്ധതികളോ തീരുമാനങ്ങളോ ഒന്നും രൂപപ്പെട്ടതുമില്ല.

പ്രമുഖ പ്രവാസി വ്യവസായികളായ എം.എ. യൂസഫലിയും, ഡോ.ബി. രവി പിള്ളയും, ആസാദ് മൂപ്പനും ഉൾപ്പെടെയുള്ളവർ ഇക്കുറി പൂർണ്ണമായും ലോക കേരള സഭയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. പ്രമുഖരുടെ അസാന്നിധ്യം തുടക്കം മുതൽ ലോക കേരള സഭയുടെ നിറം കെടുത്തി. ഇതോടെ ലോക കേരള സഭയിൽ പങ്കെടുത്തവരുടെ പൂർണ്ണ വിവരങ്ങളും സർക്കാർ ഇനിയും പുറത്ത് വിട്ടിട്ടില്ല. സർക്കാരിന്‍റെ കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മൂന്ന് കോടിയിലേറെ രൂപ ചിലവഴിച്ച് നടന്ന ലോക കേരള സഭയിൽ പ്രതിനിധികൾ ഉന്നയിച്ച പല വിഷയങ്ങൾക്കും സംസ്ഥാന സർക്കാരിന് പരിഹാരം കണ്ടെത്തുവാൻ കഴിയാത്തതുമാണ്. കേന്ദ്ര സർക്കാർ വിദേശ സർക്കാരുമായി ചേർന്ന് നടപ്പിലാക്കേണ്ട കാര്യങ്ങളാണ് ചർച്ചയിൽ ഉയർന്നത്. ഇക്കാര്യങ്ങളിലുള്ള സംസ്ഥാന സർക്കാരിന്‍റെ പരിമിതി സമാപന സമ്മേളനത്തിൽ സമ്മതിച്ച മുഖ്യമന്ത്രി ഇതിനുള്ള സമ്മർദം കേന്ദ്ര സർക്കാരിൽ ചെലുത്തും എന്ന ഉറപ്പ് മാത്രമാണ് പ്രതിനിധികൾക്ക് നൽകിയത്.

കുവൈറ്റിലെ ദാരുണ ദുരന്തത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് പ്രവാസി ക്ഷേമം ഉയർത്തിക്കാട്ടി സർക്കാർ ലോക കേരള സഭയുമായി മുന്നോട്ടുപോയത്. ദാരുണ ദുരന്ത പശ്ചാത്തലത്തിൽ ലോക കേരള സഭ മാറ്റിവയ്ക്കണമെന്ന ആവശ്യം നിരാകരിച്ചു കൊണ്ടാണ് സർക്കാർ പരിപാടി സംഘടിപ്പിച്ചത്. സർക്കാർ ഏകപക്ഷീയമായി പരിപാടിയുമായി മുന്നോട്ടു പോയെങ്കിലും ലോക കേരള സഭ കൊണ്ട് കേരളത്തിനോ പ്രവാസ സമൂഹത്തിനോ എന്തെങ്കിലും പ്രയോജനം ഉണ്ടായോ എന്ന വലിയ ചോദ്യം അവശേഷിക്കുകയാണ്.

Comments (0)
Add Comment