സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 7 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് തുടരും

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. വയനാട് ഉൾപ്പടെയുള്ള ജില്ലകളിൽ അതിതീവ്ര മഴക്കും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ള 7 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് തുടരും. സംസ്ഥാനത്ത് ഇന്നലെ 25 പേർ കൂടി മരിച്ചു. കഴിഞ്ഞ ദിവസം കാണാതായ എട്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ, രണ്ടു ദിവസത്തെ മഴയിൽ ജീവൻ നഷ്ടപ്പെട്ടവർ 42 ആയി.

വയനാടിൽ ശക്തമായി മഴ തുടരുകയാണ്. അതിതീവ്രതമഴക്കും ഉരുൾപൊട്ടലിനുംസാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. കവളപ്പാറയിലേയ്ക്കുള്ള കരിമ്പുഴ പാലത്തിന്‍റെ ഒരു ഭാഗം തെന്നിമാറിയതിനാല്‍ ഗതാഗതം നിരോധിച്ചു.

കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്.
കവളപ്പാറയിൽ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും. കോട്ടക്കുന്നിൽ തെരച്ചിൽ ഇന്നും തുടരും. വയനാട്ടിൽ ബാണാസുര ഡാം ഇന്ന് തുറക്കും. രാവിലെ 7.30 മുമ്പ് തന്നെ ബാണാസുര ഡാമിന്‍റെ പരിസരത്ത് ഉള്ളവരോട് ഒഴിഞ്ഞു പോവാൻ നിർദേശം നൽകിയിരുന്നെങ്കിലും ഇന്നലെ ബാണാസുര ഡാം പ്രദേശത്ത് മഴ കുറവായതിനാൽ ഡാമിലെ ജലനിരപ്പ് 1.35 മീറ്റർ താഴെയാണ്. അതുകൊണ്ട് ഡാം 8 മണിക്ക് തുറക്കേണ്ടതില്ലെന്നും പൂർണ്ണമായ ജാഗ്രത അറിയിപ്പുകൾ നൽകി വൈകിട്ട് മൂന്ന് മണിയോടെ ഡാം ഷെട്ടർ തുറക്കാനും സാധ്യത.

മലപ്പുറം എടവണ്ണയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. വിവിധ ജില്ലകളിൽ പ്രളയസമാന സാഹചര്യം. 315 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഒൻപത് ജില്ലകളിൽ റെഡ് അലേർട്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യവും ദുരന്തനിവാരണസേനയും മത്സ്യത്തൊഴിലാളികളും. ഭക്ഷണവും വെള്ളവും ലഭിക്കാതെ നൂറു കണക്കിനാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. നിലമ്പൂരിനു സമീപം ഭൂദാനം കവളപ്പാറയിൽ വൻ ഉരുൾപൊട്ടലിൽ ഒരു പ്രദേശം ഒന്നടങ്കം ഇല്ലാതായി. ഇവിടെ 19 കുടുംബങ്ങളിലെ മുപ്പതോളം പേർ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയമുണ്ട്. 50 അടിയോളം ഉയരത്തിൽ കല്ലും മണ്ണും മൂടിയ ഇവിടെ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. 4 മൃതദേഹങ്ങൾ പുറത്തെടുത്തു.

കണ്ണൂർ ജില്ലയിൽ ഇന്നും റെഡ് അലർട്ട് തുടരും. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ജില്ലയിൽ 8000 ത്തോളം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. 79 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിലുള്ളത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ട്രേറ്റിൽ അവലോകന യോഗം ചേർന്നു. നദി തീരങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കുവാൻ നിർദ്ദേശം നൽകിട്ടുണ്ട്. അർദ്ധരാത്രിയിൽ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും പുലർച്ചെ വീണ്ടും മഴ ആരംഭിച്ചിരിക്കുകയാണ്. മലയോര മേഖലയിൽ ഉൾപ്പടെ വെളളക്കെട്ട് തുടരുകയാണ്.

കോഴിക്കോട് കണ്ണാടിക്കൽ, തടമ്പാട്ട് താഴം, മാനാരി, തിരുവണ്ണൂർ എന്നിവിടങ്ങളിൽ വെള്ളം കയറി. കക്കയം ഡാം തുറന്നതോടെ കടിയങ്ങാട് പാലം, പള്ളിയത്ത് തുരുത്ത് എന്നിവിടങ്ങിലും വെള്ളം കയറി. കോഴിക്കോട് ജില്ലയിലെ അഴിയൂർ, ഏറാമല, ഒഞ്ചിയം ഭാഗത്ത് വെള്ളം കയറി. വയനാട് റോഡിൽ നെല്ലാം കണ്ടി, കൊടുവള്ളി പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം.

rain disaster
Comments (0)
Add Comment