പാരാമിലിറ്ററി ഫോഴ്സിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ നിയമനം വേഗത്തിൽ ആക്കണം : കെ.മുരളീധരൻ എം.പി

Jaihind News Bureau
Monday, July 27, 2020

വടകര: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി-ജിഡി-2018 പരീക്ഷ) നടത്തിയ എഴുത്തുപരീക്ഷയുടെ, ശാരീരിക, മെഡിക്കൽ പരിശോധനകൾക്ക് കേരളത്തിൽ നിന്നും യോഗ്യത നേടിയ 1400 ഉദ്യോഗാർഥികളുടെ നിയമനം വേഗത്തിൽ ആകണം എന്ന് കെ.മുരളീധരൻ എംപി. 1400 ഉദ്യോഗാർത്ഥികൾ ആണ് നിലവിൽ 2018 ലെ എഴുത്ത് പരീക്ഷയും 2019 ലെ ശാരീരിക പരിശോധനയും ഒടുവിൽ 2020 ജനുവരിയിൽ മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി നിയമനം കാത്തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം ഷെഡ്യൂൾ ചെയ്യുകയും കൊവിഡ്‌-19 വ്യാപനം മൂലം റദ്ദാക്കുകയും ചെയ്ത റീമെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാൻ ആയി 1200 ഓളം ഉദ്യോഗാർത്ഥികൾ ആണ് അഡ്മിറ്റ് കാർഡിന് ആയി കാത്തിരിക്കുന്നത്.
2011, 2013 വർഷങ്ങളിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയവരുടെ ലിസ്റ്റ് ആദ്യം പ്രസിദ്ധീകരിക്കുകയും റീമെഡിക്കൽ ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കുകയും ആണ് ഉണ്ടായിട്ടുള്ളത്.

എസ്.എസ്.സി നടത്തിയ മെഡിക്കൽ പരിശോധന ഒരു വർഷത്തേക്ക് സാധുതയുള്ളതാണെങ്കിലും നിലവിൽ 6 മാസം പിന്നിട്ടിരിക്കുകയാണ്.
പാരാമിലിറ്ററി ഫോഴ്‌സുകളിലേക്ക് പ്രസ്തുത പോസ്റ്റുകളിൽ ആയി ഒരു ലക്ഷത്തിൽ അധികം ഒഴിവുകൾ ഉണ്ട്.

ആർമി, ആർ.പി.എഫ് പോലുള്ള ഫോഴ്സുകളിൽ ജൂലായ് 15 മുതൽ ആരംഭിക്കുന്ന പരിശീലനത്തിനായി ചേരുന്നതിനെ കുറിച്ച് അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ആയതിനാൽ കേരളത്തിൽ നിന്നും നിയമനം കാത്തിരിക്കുന്ന മൂവായിരത്തിൽ അധികം ഉദ്യോഗാർത്ഥികളുടെ ആശങ്ക പരിഹരിക്കാനും നിലവിലെ സാഹചര്യം പരിഗണിച്ച് എസ്.എസ്.സി ജിഡി 2018 ബാച്ചിനും 2011,2013 വർഷങ്ങളിൽ എടുത്ത നടപടിക്രമം ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് കെ.മുരളീധരൻ എം.പി അമിത് ഷാക്ക് കത്തയച്ചു.