ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന ; ഇന്നലെ മാത്രം 93,034 അയ്യപ്പന്മാരാണ് സന്നിധാനത്തെത്തിയത്


പത്തനംതിട്ട:ഒരു ദിവസം ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഇന്നലെ മാത്രം മല ചവിട്ടി 93,034 അയ്യപ്പന്മാരാണ് സന്നിധാനത്തെത്തിയത്. ഈ തീര്‍ത്ഥാടന കാലത്ത് ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയത് തിങ്കളാഴ്ചയായിരുന്നു.

സ്‌പോട്ട് ബുക്കിംഗ് വഴി ഇന്നലെ 19,110 പേരാണ് എത്തിയത്. ഡിസംബര്‍ അഞ്ചിന് 92,562 പേര്‍ എത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. വരും ദിവസങ്ങളില്‍ തിരക്കേറുമെന്നാണ് വിലയിരുത്തല്‍. 25-നാണ് തങ്കി അങ്കി ചാര്‍ത്തിയുള്ള ദീപാരാധന.

കാനന പാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞിരുന്നു.

കാനന പാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് ക്യൂ നില്‍ക്കാതെ ദര്‍ശനം നടത്താം. ഇതിനായി എരുമേലി, പുല്ലുമേട് എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക പാസ് നല്‍കും. വനം വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക ടാഗ് നല്‍കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്.

Comments (0)
Add Comment