പ്രതിഷേധിച്ചതിന്‍റെ പ്രതികാരം: ഫർസീനെതിരെ കാപ്പ ചുമത്താന്‍ ശുപാർശ

Jaihind Webdesk
Friday, August 19, 2022

കണ്ണൂർ: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പ്രതികാര നടപടിയുമായി സർക്കാർ. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്‍റ് ഫർസീന്‍ മജീദിനെതിരെ കാപ്പ ചുമത്താനാണ് ശുപാർശ. സ്ഥിരം കുറ്റവാളിയെന്ന പരാമർശത്തോടെയാണ് പോലീസ് കാപ്പ ചുമത്താനുള്ള ശുപാർശ നല്‍കിയത്.

കാപ്പ ചുമത്താന്‍ പോലീസ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ കളക്ടറുടെ അനുമതി തേടി. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് പോലീസിന്‍റെ റിപ്പോർട്ട്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, അതിനായി ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മട്ടന്നൂര്‍ പോലീസാണ് കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയാറാക്കിയത്. പിണറായി സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് ഫർസീന്‍ മജീദ് പ്രതികരിച്ചു.

അതേസമയം വിമാനത്തിലെ പ്രതിഷേധത്തില്‍ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനെതിരെ ഇന്‍ഡിഗോ വിമാനക്കമ്പനി നടപടി സ്വീകരിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ചതിനായിരുന്നു നടപടി. വിമാനത്തില്‍ പ്രതിഷേധിച്ചെന്ന കാരണത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കും യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതിനേക്കാള്‍ വലിയ കുറ്റം ചെയ്തത് ജയരാജനാണെന്ന് ഇന്‍ഡിഗോ കണ്ടെത്തി. എന്നാല്‍ മർദ്ദിച്ചെന്ന് പരാതി നല്‍കിയിട്ടും ജയരാജനെതിരെ നടപടി സ്വീകരിക്കാന്‍ സർക്കാർ തയാറായില്ല.

ഒടുവില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹര്‍ജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടപെട്ടതോടെ ജയരാജനെതിരെ കേസെടുക്കാന്‍ പോലീസ് നിർബന്ധിതരായി. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണൽ സ്റ്റാഫുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗൺമാൻ അനിൽ കുമാർ, പി.എ സുനീഷ് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. അതേസമയം സാങ്കേതികമായി കേസെടുത്തു എന്നതല്ലാതെ തുടർ നടപടിക്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം. സർക്കാരിന്‍റെയും പോലീസിന്‍റെയും ഇരട്ടത്താപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.