ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

Jaihind Webdesk
Tuesday, January 4, 2022

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാര്‍ശ. ഏറെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ ശിവശങ്കറിനെ  2019 ജൂലൈ 14നാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയാണ് തിരിച്ചെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

രണ്ട് വര്‍ഷത്തിലധികമായി ശിവശങ്കർ സസ്‌പെന്‍ഷനിലാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസം കൂടുമ്പോള്‍ പുനഃപരിശോധിക്കുന്ന രീതിയുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇത് പരിശോധിക്കുക. മുഖ്യമന്ത്രിയായിരിക്കും ശിവശങ്കറിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

സ്വർണ്ണക്കടത്ത് കേസിലെ 29-ാം പ്രതിയാണ് ശിവശങ്കർ. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസിലും ശിവശങ്കർ പ്രതിയാണ്. ഈ കേസിന്‍റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30 നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെത്. എന്നാല്‍ കസ്റ്റംസിന്‍റെ ഭാഗത്തുനിന്ന് പ്രതികരണവും ഉണ്ടായില്ല.