സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല; എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശ തള്ളി

Jaihind News Bureau
Saturday, September 19, 2020

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നത് വൈകും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബാറിൽ ഇരുന്ന് മദ്യപിക്കാൻ നിയന്ത്രണങ്ങളോടെ അനുമതി നൽകണമെന്ന എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളി.

കേന്ദ്രം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന ശുപാർശ എക്‌സൈസ് കമ്മീഷണര്‍ മുന്നോട്ട് വച്ചത്. ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നതു സംബന്ധിച്ച് നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മിഷണർ കൈമാറിയ നിർദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്കും നൽകിയിരുന്നു.

സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു എക്‌സൈസ് ശുപാര്‍ശ. എന്നാല്‍, ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്സലായാണ് മദ്യം വില്‍ക്കുന്നത്.