വിദേശ സഹായം സ്വീകരിച്ചത് ചട്ടവിരുദ്ധം : റെഡ് ക്രസന്‍റ് – ലൈഫ് മിഷന്‍ ഇടപാടില്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ വിമർശനം

Jaihind News Bureau
Saturday, August 22, 2020

റെഡ് ക്രസന്‍റ് – ലൈഫ് മിഷൻ പദ്ധതിയിൽ സംസ്ഥാനത്തിന് കേന്ദ്ര വിമർശനം. കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീഴ്ച പറ്റി. കരാറിന് കേന്ദ്ര സർക്കാരിന്‍റെ അനുമതി വേണമായിരുന്നു. വിദേശ സഹായം സ്വീകരിച്ചത് നിർദേശങ്ങൾക്ക് വിരുദ്ധമായാണെന്നും കേന്ദ്രം വ്യക്തമാക്കി.

റെഡ് ക്രസന്‍റ് – ലൈഫ് മിഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്നതിനിടയിലാണ് വിഷയത്തിൽ കേന്ദ്ര ഇടപെടൽ. പ്രാഥമിക പരിശോധനയിൽ തന്നെ കരാർ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചു എന്ന് കേന്ദ്ര സർക്കാർ വിലയിരുത്തി.
യു.എ.ഇ റെഡ്ക്രസന്‍റ് സഹായം സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമായിരുന്നു. ഇത്തരത്തിൽ അനുമതി തേടുന്ന സാഹചര്യം ഉണ്ടായില്ല. വിദേശ സർക്കാരുകളിൽ നിന്നോ സംഘടനകളിൽ നിന്നോ ധനസഹായം സർക്കാർ സ്വീകരിക്കുമ്പോൾ കേന്ദ്ര അനുമതി ആവശ്യമാണ്. കരാർ ദുരന്തനിവാരണ ആക്ട് പ്രകാരവും തെറ്റാണെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചത്.

സംസ്ഥാന സർക്കാരിന്‍റെ വീഴ്ചകളിൽ നടപടിയെടുക്കാനും കേന്ദ്രനീക്കമുണ്ട്. വിഷയത്തിൽ നേരത്തെ തന്നെ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് വിവരങ്ങൾ ചോദിച്ചിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടി കൂടി ഉണ്ടായാൽ മുഖ്യമന്ത്രിയും സർക്കാരും കൂടുതൽ പ്രതിരോധത്തിലാകും. നേരത്തെ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വാദങ്ങൾ കളവാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു.