നവകേരളം പെരുവഴിയില്‍, പ്രഖ്യാപനങ്ങള്‍ പാഴ്വാക്കാകുന്നു : സഹായം ലഭിച്ച തുകയില്‍ ചിലവിട്ടത് പതിമൂന്ന് ശതമാനം മാത്രം

Jaihind Webdesk
Wednesday, February 16, 2022

തിരുവനന്തപുരം : നവകേരളം സൃഷ്ടിക്കുമെന്ന എല്‍ഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപനം പാഴ്വാക്കുകളാകുന്നു. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർ‌ത്തിയാക്കുന്നതിൽ ഗുരുതരമായ വീഴ്ച്ചയാണ് പിണറായി വിജയന്‍റെ കീഴിലുള്ള ഐടി , പരിസ്ഥിതി അടക്കം 17 വകുപ്പുകള്‍ വരുത്തിയിരിക്കുന്നത്. പ്രളയാനന്തര റീബിൽഡ് കേരള പദ്ധതിക്കു കീഴിൽ  ലോക ബാങ്ക് അനുവദിച്ച തുകയിൽ ചെലവിട്ടത് വെറും 13.82% മാത്രം. 183 കോടി രൂപയാണ് റീബിൽഡ് കേരളയ്ക്കായി ഈ സാമ്പത്തിക വർഷം മാറ്റിവച്ചത്. ഇതിൽ 25 കോടിയേ ഇതുവരെ ചെലവിട്ടിട്ടുള്ളൂവെന്നു ആസൂത്രണ ബോർഡ് തന്നെ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍  ഒരു രൂപ പോലും ചെലവിട്ടതായി കണക്കുകളില്ല. കേരള പുനർനിർമിതിക്കായി ലോകബാങ്ക് ആദ്യഘട്ടത്തിൽ അനുവദിച്ച 1,780 കോടി രൂപ സർക്കാർ വകമാറ്റി ചെലവിട്ടു. വീണ്ടും ലോകബാങ്കിനോടു രണ്ടാം ഗഡു ആവശ്യപ്പെട്ടെങ്കിലും ആദ്യഗഡു ചെലവിട്ടതിന്‍റെ രേഖകൾ കൈമാറിയ ശേഷം രണ്ടാം ഗഡു തരാമെന്ന മറുപടിയാണു കിട്ടിയത്. ഇതോടെ റീബിൽഡ് കേരളയ്ക്കു കീഴിലെ പദ്ധതികൾ വേഗത്തിലാക്കാൻ സർക്കാർ തീരുമാനമെടുത്തെങ്കിലും ഇപ്പോഴും അവ ഇഴഞ്ഞു നീങ്ങുകയാണ്. റീബിൽഡ് കേരളയുടെ ഭാഗമായി ഗ്രാമീണ റോഡുകൾ‌ നന്നാക്കാൻ 2500 കോടിയിലേറെ രൂപ ജിഎസ്ടിക്ക് ഒപ്പം പിരിച്ചെടുത്തെങ്കിലും അതും വകമാറ്റി.

ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, നിയമസഭ എന്നീ വകുപ്പുകൾ 100% തുകയും ചെലവിട്ടു മാതൃകയായി. പ്രകടനത്തിൽ‌ ഏറ്റവും പിന്നിലുള്ള വകുപ്പുകളുടെ പണം ചെലവിടൽ ഇങ്ങനെ: ഭവന നിർമാണം 15.59%, നിയമം 12.42%, പരിസ്ഥിതി 22.34%, ഭക്ഷ്യം 24.39%, സഹകരണം 34.19%, പിന്നാക്ക ക്ഷേമം 30.77%, ഭരണപരിഷ്കാരം 28.24%, തുറമുഖം 32.08%, ശാസ്ത്ര സാങ്കേതികം 22.83%, എക്സൈസ് 39.05%, സാംസ്കാരികം 45.14%, ഐടി 42.34%, വനം 44.97%, പൊതുവിദ്യാഭ്യാസം 42.83%, റവന്യു 42.61%, പട്ടികജാതി 47.73%, പട്ടിക വർഗം 37.48%, സ്പോർട്സ് 42.07%.

വൻകിട അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്കായി 790 കോടിയാണ് ബജറ്റിൽ വച്ചിരുന്നത്. മിക്ക വൻകിട പദ്ധതികളും കിഫ്ബി വഴി നടപ്പാക്കുന്നതിനാൽ ഇൗ തുകയിൽ നിന്ന് 22 കോടി രൂപ സ്പോർട്സ് യുവജന കാര്യ വകുപ്പിനു കൈമാറി. 17 കോടി രൂപ ഖര മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കാൻ ഏൽപിച്ചു.