അഞ്ച് മാസത്തിനിടെ നാല് തവണ ഭൂരിപക്ഷം തെളിയിച്ചു; മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് കമല്‍നാഥ്

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി കമല്‍നാഥ്. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാന്‍ തയ്യാറാണെന്നും കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് തവണയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തങ്ങളുടെ ഭൂരിപക്ഷം തെളിയിച്ചതെന്നും കമല്‍നാഥ് വ്യക്തമാക്കി.
കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന് ബി.ജെ.പി കത്തെഴുതിയതിന് പിന്നാലെയാണ് കമല്‍നാഥിന്റെ മറുപടി.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ ദിവസംമുതല്‍ ബിജെപി ശല്യം ചെയ്യുകയാണെന്നും അവര്‍ തുറന്നുകാട്ടപ്പെടുന്നത് തടയാന്‍ വേണ്ടി സര്‍ക്കാരിനെ ശല്യപ്പെടുത്തുകയാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ച്ചയായ 15വര്‍ഷത്തെ ബിജെപി ഭരണത്തിന് അവസാനം കുറിച്ചാണ് കഴിഞ്ഞവര്‍ഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. 230 അംഗങ്ങളുളള മധ്യപ്രദേശ് നിയമസഭയില്‍ 116 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുളളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒന്നും നാലു സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിക്ക് 109 അംഗങ്ങളാണുളളത്.

Comments (0)
Add Comment