തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്ന കേരളത്തിലെ നാല് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് നടത്തും. കാസര്‍ഗോഡ്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ കല്യാശേരി, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ നാലു ബൂത്തുകളിലാണ് റീപോളിങ്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19-നാണ് ഈ ബൂത്തുകളില്‍ റീപോളിങ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിങ് നടക്കുന്നത്.
കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ കല്യാശേരിയിലെ പിലാത്തറ യുപിഎസ് ബൂത്ത് നമ്പര്‍ 19 , പുതിയങ്ങാടി ജമാഅത്ത് എച്ച്എസ് നോര്‍ത്ത് ബ്ളോക്ക് ബൂത്ത് നമ്പര്‍ 69, ജമാഅത്ത് എച്ച്.എസ് സൗത്ത് ബ്ളോക്ക് ബൂത്ത് നമ്പര്‍ 70 എന്നിവിടങ്ങളിലും തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ ബൂത്ത് നമ്പര്‍ 166 എന്നിവടങ്ങളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.
ഈ നാല് ബൂത്തുകളിലും നേരത്തെ നടത്തിയ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ റദ്ദാക്കി. റീപോളിങ് സംബന്ധിച്ച് നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നല്‍കി. റീപോളിങ് വിജ്ഞാപനം ഇന്നലെ വൈകിട്ട് പുറത്തിറങ്ങി. ഇന്നു വൈകിട്ട് വരെ പരസ്യപ്രചാരണം നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.
റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് നടത്താന്‍ തീരുമാനിച്ചത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യു.പി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ യു.ഡി.എഫ് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിഷയത്തില്‍ ഇടപെട്ടത്.
കാസര്‍ഗോഡ് കല്യാശേരി പിലാത്തറ എ.യു.പി സ്‌കൂളില്‍ നടന്ന മൂന്ന് കള്ളവോട്ടുകളാണ് പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിക്കപ്പെട്ടത്. അവിടെ പഞ്ചായത്തംഗവും മുന്‍ പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളാണ് കള്ളവോട്ട് ചെയ്തത്.
പദ്മിനിയെന്ന സ്ത്രീ ഈ ബൂത്തില്‍ രണ്ടുവോട്ടുകള്‍ ചെയ്തു. ഉച്ചയ്ക്ക് 1.20നും വൈകുന്നേരം 5.47നുമാണ് വോട്ടുകള്‍ ചെയ്തത്. ഇതിലൊന്ന് കള്ളവോട്ടായിരുന്നു. പഞ്ചായത്തംഗമായ എന്‍പി സലീനയും കെ.പി.സുമയ്യയുമായിരുന്നു കള്ളവോട്ട് ചെയ്ത മറ്റു രണ്ടുപേര്‍. ഇവര്‍ക്കെതിരെ ഐപിസി 171 (സി, ഡി, എഫ്) എന്നീ വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യാന്‍ സഹായിച്ച പോളിങ് ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം തുടരുകയാണ്. കള്ളവോട്ട് ചെയ്യാന്‍ സഹായിച്ചതില്‍ ഒരാള്‍ കാസര്‍ഗോട്ടെ ഇടതുസ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്റെ പോളിങ് ഏജന്റാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് സ്ഥിരീകരിച്ചു.
കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധര്‍മ്മടത്തുമായി 13 കള്ളവോട്ട് നടന്നതായി തെളിഞ്ഞെന്നായിരുന്നു സ്ഥിരീകരണം. പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലെ 166 ാം നമ്പര്‍ ബൂത്തില്‍ 12 കള്ളവോട്ടും ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52 ലു ഒരു കള്ളവോട്ടുമാണു നടന്നത്.
ഇതുള്‍പ്പെടെ 20 കള്ളവോട്ടുകളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥിരീകരിച്ചത്.
പോളിങ് സ്റ്റേഷനിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കള്ളവോട്ടു ചെയ്തവരെ കണ്ടെത്തിയത്.