ആർസിസിയിൽ ലിഫ്റ്റ് തകർന്ന് മരണം : റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Jaihind Webdesk
Thursday, September 2, 2021

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ (ആർ സി സി) ലിഫ്റ്റ് പൊട്ടി താഴേക്ക് പതിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച നദീറയുടെ മരണകാരണത്തെ കുറിച്ച് ആർ സി സി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട് അപൂർണമായതിനാൽ മനുഷ്യാവകാശ കമ്മീഷൻ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു.

ചില കാര്യങ്ങളെ കുറിച്ച് കൂടുതൽ വ്യക്തവും വിശദവുമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആർ സി സി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ലിഫ്റ്റിൽ നിന്നും വീണ നദീറയുടെ തലക്ക് ക്ഷതം ഏറ്റത് എങ്ങനെ, ആർ സി സിയിലെ ലിഫ്റ്റുകൾക്ക് വാർഷിക കരാർ ഉണ്ടോ (ആനുവൽ മെയിന്റനൻസ്) എന്നീ കാര്യങ്ങളിൽ ഡയറക്ടർ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. നദീറയുടെ ആശ്രിതന് ആർ സി സി യിൽ ജോലി നൽകണമെന്ന ആവശ്യം പരിഗണിക്കാൻ കഴിയുമോ എന്നും വിശദീകരിക്കണം.

അപകടത്തിന്റെ കാരണം അറിയുന്നതിന് സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നദീറയുടെ ചികിത്സയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന പരാതിയെ കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ 24 നകം എല്ലാ റിപ്പോർട്ടുകളും ഹാജരാക്കണം. കേസ് സെപ്റ്റംബർ 30 ന് പരിഗണിക്കും.

മേയ് 15 നാണ് തുറന്നു കിടന്ന ലിഫ്റ്റിൽ കയറുമ്പോൾ താഴേക്ക് പതിച്ച് നദീറക്ക് അപകടമുണ്ടായത്. മണിക്കൂറുകൾക്ക് ശേഷമാണ് നദീറയെ കണ്ടെത്തി മെഡിക്കൽകോളേജിലെത്തിച്ചത്. തലച്ചോറിലുണ്ടായ ക്ഷതം ആശുപത്രി അധികൃതർ മനസിലാക്കാത്തതാണ് മരണകാരണമായതെന്ന് പരാതിയിൽ പറയുന്നു. കെ പി സി സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, നദിറയുടെ ബന്ധു എ. മുഹമ്മദ് ആഷിക് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.