വായ്പകള്‍ക്ക് മൊറട്ടോറിയം സാധാരണക്കാര്‍ക്ക് ആശ്വാസമാകില്ല, വേണ്ടത് കടാശ്വാസ പദ്ധതി; നിർമ്മല സീതാരാമന് ഹൈബി ഈഡന്‍ എം.പി കത്ത് നൽകി

Jaihind News Bureau
Sunday, March 29, 2020

കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങളുടെ ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച റിസർവ്വ് ബാങ്ക് നടപടി സ്വാഗതാർഹമാണെന്നും എന്നാൽ ആ കാലയളവിലെ പലിശയും അധികപലിശയും കടാശ്വാസമായി അനുവദിച്ചാൽ മാത്രമേ അത് സാധാരണക്കാർക്ക് ഗുണകരമാകുകയുള്ളൂവെന്നും ഹൈബി ഈഡൻ എം.പി.  ഈ സാഹചര്യത്തിൽ സർക്കാർ കടാശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‌ അദ്ദേഹം  കത്ത് നല്‍കി.

മൂന്ന് മാസം ലോൺ അടവിൽ നിന്ന് മോചിതരാകുന്നവർ മൂന്ന് മാസങ്ങൾക്ക് ശേഷം അധിക ബാധ്യത (അധികപ്പലിശയായോ, പിഴപ്പലിശയായോ)ഏൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ മൂന്ന് മാസത്തെ തിരിച്ചടവ് തുക മറ്റൊരു ബാധ്യത ആയി മാറും എന്നതാണ് മനസിലാക്കാൻ സാധിക്കുന്നത്. 2020 ജനുവരി മാസം വരെ ലോൺ തിരിച്ചടവ് മുടക്കം വരുത്താത്തവരുടെ ഈ മൂന്നു മാസത്തെ പലിശ കടാശ്വാസമായി ബാങ്കുകൾക്ക് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഹൈബി ഈഡൻ പറഞ്ഞു.

ഹൈബി ഈഡന്‍ എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

റിസർവ്വ് ബാങ്ക് എല്ലാ ലോണുകൾക്കും 3 മാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വലിയ ദുരന്തത്തെ അതിജീവിച്ചെത്തുന്നവർക്ക് ഈ മൊറട്ടോറിയം ഏതെങ്കിലും രീതിയിൽ ആശ്വാസമാകുമോ??

മൂന്ന് മാസം ലോൺ അടവിൽ നിന്ന് മോചിതരാകുന്നവർ മൂന്ന് മാസങ്ങൾക്ക് ശേഷം അധിക ബാധ്യത (അധികപ്പലിശയായോ, പിഴപ്പലിശയായോ)ഏൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ മൂന്ന് മാസത്തെ തിരിച്ചടവ് തുക മറ്റൊരു ബാധ്യത ആയി മാറും എന്നതാണ് മനസിലാക്കാൻ സാധിക്കുന്നത്. നമുക്ക് ആവശ്യം കടാശ്വാസ പദ്ധതിയാണ്. 2020 ജനുവരി മാസം വരെ ലോൺ തിരിച്ചടവ് മുടക്കം വരുത്താത്തവരുടെ ഈ മൂന്നു മാസത്തെ പലിശ കടാശ്വാസമായി ബാങ്കുകൾക്ക് അനുവദിക്കാൻ സർക്കാർ തയ്യാറാകണം. എന്നാൽ മാത്രമേ അത് സാധാരണക്കാർക്ക് ഗുണകരമാവുകയുള്ളു.

ഈ ആവശ്യം ചൂണ്ടിക്കാട്ടി ബഹു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകിയിട്ടുണ്ട്.