ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വായ്പാ നിരക്കുകളിൽ കുറവ് വരുത്തി റിസർവ് ബാങ്ക്. ആർബിഐയുടെ അർദ്ധപാദ അവലോകനത്തിലാണ് നിരക്കുകളിൽ കുറവ് വരുത്തിയിരിക്കുന്നത്. കാൽ ശതമാനത്തോളം കുറവാണ് റിപ്പോയിൽ വരുത്തിയിരിക്കുന്നത്. ഇതോടെ 6.50 ആയിരുന്ന റിപ്പോ നിരക്ക് 6.25 ശതമാനമായി കുറഞ്ഞു. 2018 ഡിസംബറിൽ ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്ന ആദ്യ അവലോകന യോഗമായിരുന്നു ഇത്.
17 മാസങ്ങള്‍ക്ക് ശേഷമാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. റിപ്പോ നിരക്കുകളിൽ കുറവ് വന്നതോടെ ഭവന, വാഹന വായ്പ നിരക്കുകളിലും കുറവ് വന്നേക്കും. ബാങ്കിങ്, എഫ്എംസിജി, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ മൊബൈല്‍ തുടങ്ങിയ മേഖലകള്‍ക്കും ഇത് ഗുണകരയേക്കുമെന്നും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപ വര്‍ധനയ്ക്ക് ഇത് വഴി വയ്ക്കുമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. കാറുകള്‍, മറ്റ് വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന ഉയരാനും ഈ തീരുമാനം വഴിവയ്ക്കും.