കേന്ദ്രവുമായി ഭിന്നത; RBI ഗവർണർ ഊർജിത് പട്ടേൽ രാജിക്ക്

മോദി സർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള തർക്കം മുമ്പെങ്ങുമില്ലാത്ത വിധം മുറുകിയതോടെ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നതായി സൂചന. രാജ്യത്തെ കിട്ടാക്കടം വർധിക്കാനിടയായത് റിസർവ് ബാങ്കിന്‍റെ നടപടികളാണെന്ന ആരോപണമുയർത്തി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്ത് വന്നതോടെയാണ് പട്ടേൽ രാജിക്കൊരുങ്ങുന്നത്. സ്വതന്ത്ര ബാങ്കിനെ തകർക്കുന്ന തരത്തിലുള്ള മോദി സർക്കാരിന്‍റെ ഇടപെടൽ വൻ സാമ്പത്തിക ദുരന്തമാണ് രാജ്യത്തിന് സമ്മാനിക്കുകയെന്ന മുന്നറിയിപ്പ് പരസ്യമായി പ്രഖ്യാപിച്ച് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ ഇതിനിടെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങളിലുള്ള അവിശ്വാസ്യതയെ തുടർന്ന് ആർ.ബി.ഐ ഗവർണർ രാജിക്കൊരുങ്ങുന്നത്.

സർക്കാരിന്‍റെ നിരന്തര ഇടപെടൽ ബാങ്കിന്‍റെ നയരൂപീകരണമടക്കമുള്ള വിഷയങ്ങളിൽ വെള്ളം ചേർക്കാൻ ഇടയാക്കുമെന്നും ഇത് രാജ്യത്ത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നുമാണ് വിരാൽ മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ കടുത്ത അതൃപ്തിയിലാണ്. ഊർജിത് പട്ടേൽ പരസ്യമായി സർക്കാരിനെ വിമർശിച്ചിട്ടില്ലെങ്കിലും ഡെപ്യൂട്ടി ഗവർണറുടെ വിമർശനം പട്ടേലിന്‍റെ പിന്തുണയോയൊണ് എന്നതാണ് കേന്ദ്രസർക്കാരിന്‍റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇനിയൊരു കാലയളവ് പട്ടേലിന് നൽകാൻ കേന്ദ്രത്തിനും താൽപര്യമില്ല.

ആർ.ബി.ഐ യ്ക്ക് മുകളിൽ മറ്റൊരു റഗുലേറ്ററി സംവിധാനം കൊണ്ടുവന്ന് ബാങ്കിനെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്നും ആരോപണമുണ്ട്. രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കുന്നതിനു മുമ്പ് മുൻ ഗവർണർ രഘുറാം രാജനെ മാറ്റി മോദിയുടെ അടുപ്പക്കാരനായ ഊർജിത് പട്ടേലിനെ കൊണ്ടു വന്നിരുന്നു. നോട്ട് നിരോധനം മൂലം സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമാണുണ്ടായത്. ഇതിനുപിന്നാലെ വ്യക്തമായ ആലോചനയില്ലാതെ ജി.എസ്.ടി നടപ്പാക്കിയതും വ്യാപാര രംഗത്തെ കാര്യമായി ബാധിച്ചിരുന്നു. ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്ന നടപടിയിലും റിസർവ് ബാങ്കിന് ആശങ്കയുണ്ട്. വൻ തുകകൾ വായ്പയെടുത്ത് കോർപറേറ്റ് ഭീമൻമാർ രാജ്യം വിടുന്ന അവസ്ഥ കേന്ദ്രത്തിന്‍റെ പിടിപ്പുകേട് കൊണ്ടാണെന്ന ആരോപണവും നിലനിൽക്കുന്നു.

rbi governorurjit patel
Comments (0)
Add Comment