ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ സഹോദരിയും പിതാവും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസിൽ ചേർന്നു. ജാംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് മീറ്റിംഗിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്സിംഗ് ജഡേജയും സഹോദരി നയ്നബ ജഡേജയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ജാംനഗര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുലു കണ്ഡോരിയയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പാട്ടിദാർ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഭിഖു വരോടരിയ, വിക്രം മദാം എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. സ്ത്രീകളുടെയും അവശരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് നയ്നബ അംഗത്വം സ്വീകരിച്ചതിന് ശേഷം പറഞ്ഞു.

‘ഞാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം. അവശത അനുഭവിക്കുന്നവര്‍ക്കും നീതി നിഷേധിക്കപ്പെടുന്നവര്‍ക്കും വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിനൊപ്പമുള്ള രാഷ്ട്രീയപ്രവര്‍ത്തനം ഇതിന് പറ്റിയ മാര്‍ഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’ – നയ്നബ പറഞ്ഞു.

ബി.ജെ.പി ഭരണം രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനവിഭാഗത്തെ ദുരിതത്തിലാക്കുകയാണ് ചെയ്തത്. അവര്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും കര്‍ഷകരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്നും നയ്നബ പറഞ്ഞു. കോണ്‍ഗ്രസിന് മാത്രമേ ഇതിനെല്ലാം പരിഹാരം കാണാന്‍ കഴിയൂ എന്ന് താന്‍ വിശ്വസിക്കുന്നതായും അവര്‍ വ്യക്തമാക്കി.

nayanabaravindra jadeja
Comments (0)
Add Comment