ശനിയാഴ്ച മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സർക്കാർ റേഷന്‍ കമ്മീഷന്‍ നല്‍കാത്തതില്‍ പ്രതിഷേധം

Jaihind Webdesk
Tuesday, November 22, 2022

തിരുവനന്തപുരം: ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ പ്രതിഷേധിച്ചാണ് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം. കഴിഞ്ഞ മാസത്തെ കമ്മീഷൻ തുക 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. കുടിശിക എന്ന് നൽകുമെന്ന് ഉത്തരവിൽ ഇല്ല. മന്ത്രിമാർക്കും ഖാദി ബോർഡ് വൈസ് ചെയർമാനും ലക്ഷങ്ങൾ മുടക്കി പുത്തൻ കാറുകൾ വാങ്ങാൻ ഉത്തരവിറക്കിയതിന് പിന്നാലെയാണ് റേഷൻ വ്യാപാരികളുടെ കമ്മീഷൻ തുക വെട്ടിക്കുറച്ച് സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിറക്കിയത്.

പതിനാലായിരത്തിലേറെ റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ കമ്മീഷൻ തുക പകുതിയിലേറെ വെട്ടിക്കുറച്ച സര്‍ക്കാർ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. നാളെ സർക്കാറിന് സമര നോട്ടീസ് നൽകുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു. പൊതുവിപണയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷൻ വ്യാപാരികൾ സമരത്തിലേക്ക് കടക്കുന്നത്. കമ്മീഷൻ ഇനത്തിൽ 29.51 കോടി രൂപയാണ് ഒക്ടോബറിൽ നൽകാനുള്ളത്. ഇതിൽ 49% കുറച്ച് 14.46 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചതെന്നും അതിനനുസരിച്ചു മാത്രമേ കമ്മിഷൻ നൽകാനാകൂ എന്നും സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. ഈ വ്യവസ്ഥയിൽ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നൽകാൻ ജില്ലാ ഓഫീസർമാരെയും ചുമതലപ്പെടുത്തി.

18,000 രൂപയാണ് ഒരു റേഷന്‍ വ്യാപാരിയുടെ പ്രതിമാസ കമ്മീഷൻ. കടവാടക, 5% ആദായ നികുതി, വൈദ്യുതി നിരക്ക്, സെയിൽസ്മാന്‍റെ വേതനം, ക്ഷേമനിധി ബോർഡ് വിഹിതം, വകുപ്പ് തന്നെ ചുമത്തുന്ന പിഴകൾ എന്നിവ ഇതില്‍ നിന്ന് വ്യാപാരി നൽകേണ്ടതുണ്ട്. ഇതാണ് ഇപ്പോള്‍ മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. കമ്മീഷൻ തുക പകുതിയിലേറെ വെട്ടിക്കുറച്ച സർക്കാർ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിടാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനം.