ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നയിച്ച രാഷ്ട്രരക്ഷാ മാർച്ച് സമാപിച്ചു ; സമാപന സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Jaihind News Bureau
Sunday, March 1, 2020

വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രരക്ഷാ മാർച്ച് സമാപിച്ചു. ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നേതൃത്വം നൽകിയ പതിനൊന്ന് ദിവസം നീണ്ടു നിന്ന മാർച്ച് ജില്ലയിലൊട്ടാകെ 250 കിലോമീറ്റർ പ്രയാണം നടത്തിയാണ് സമാപിച്ചത്. മാർച്ചിന്‍റെ സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനുമെതിരെ ഫെബ്രുവരി 19ന് ആണ് രാഷ്ട്രരക്ഷാമാർച്ച് ആരംഭിച്ചത്. തുടർന്ന് പതിനൊന്ന് ദിവസങ്ങളിലായി കൽപറ്റ, മാനന്തവാടി, ബത്തേരി നിയോജക മണ്ഡലങ്ങളിലൂടെ മാർച്ച് 250 കിലോമീറ്റർ പ്രയാണം പൂർത്തിയാക്കി.

 

 

ഭരണകൂട ഭീകരതയാണ് രാജ്യത്ത് നടക്കുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും മോദി സർക്കാർ തകർക്കുകയാണ്. ജുഡീഷ്യറിയിൽ വരെ സർക്കാർ ഇടപെടുന്നു. ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ സ്ഥലംമാറ്റം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാപന സമ്മേളനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി വിഷ്ണുനാഥും മറ്റ് സംസ്ഥാന ജില്ലാ കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.