പീഡനശ്രമം, അശ്ലീലചുവയോടെ ഫോണ്‍വിളി ; സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ആദിവാസി യുവതിയുടെ പരാതി

Sunday, August 1, 2021

പത്തനംതിട്ട : സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ആദിവാസി യുവതിയുടെ പീഡന പരാതി. സിപിഎം കൊല്ലമുള്ള ലോക്കൽ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെയാണ് യുവതി വെച്ചുച്ചിറ പൊലീസിൽ പരാതി നൽകിയത്. പീഡനശ്രമത്തിന് പിന്നാലെ അശ്ലീലചുവയോടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നത് തുടർന്നതോടെയാണ് പരാതി.

ആദിവാസി കോളനിയിൽ താമസിക്കുന്ന വിവാഹിതയായ യുവതിയാണ് പരാതിക്കാരി. മൂന്ന് കുട്ടികളുള്ള യുവതിയുടെ ഭർത്താവ് കണ്ണൂരാണ് ജോലി ചെയ്യുന്നത്. സംഭവം പുറത്തായതോടെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പലതവണ യുവതിയെ പീഡിപ്പിക്കാൻ ജോജി ശ്രമം നടത്തി. ഇയാളുടെ ശല്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും  നിരന്തരം യുവതിയെ ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നു. ലോക്കൽ സെക്രട്ടറിയുടെ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള ഫോൺ സംഭാഷണം യുവതി തെളിവായിനൽകിയിട്ടുണ്ട്.  രാഷ്ട്രീയ സ്വാധീനം ഭയന്ന് പരാതി നൽകാന്‍ മടിച്ചെങ്കിലും  ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് യുവതി വെച്ചുച്ചിറ പൊലീസിൽ പരാതി നല്‍കിയത്.