ഹാത്രസിൽ വീണ്ടും പീഡനം ; 4 വയസുകാരിയെ ബന്ധു പീഡിപ്പിച്ചു

Jaihind News Bureau
Wednesday, October 14, 2020

 

ഹാത്രസിൽ വീണ്ടും പീഡനം. 4 വയസുകാരിയെ ബന്ധുവാണ് പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാത്രസിലെ സാസ്‌നി മേഖലയിലാണ് സംഭവം . സ്തീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ തുടർച്ചായ അതിക്രമവാർത്തകളാണ് യുപിയില്‍ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് പെണ്‍കുട്ടികളുടെ മുഖത്ത് അക്രമികൾ ആസിഡ് ഒഴിച്ച സംഭവം കഴിഞ്ഞദിവസമാണുണ്ടായത്. 17 ഉം 10 ഉം 8 ഉം വയസുള്ള പെണ്‍കുട്ടികളുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. ഗോണ്ട ജില്ലയിലെ പര്‍സപുരിലാണ് സംഭവം. പെണ്‍കുട്ടികളുടെ കരച്ചിൽ കേട്ട് ഓടി എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടുവെന്ന് പെണ്‍കുട്ടികളുടെ പിതാവ് പ്രതികരിച്ചു.

മണിക്പൂരിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയുടെ മ്യതദേഹം കണ്ടെത്തിയത്. വനത്തിൽ കൊണ്ടുപോയാണ് മുൻ ഗ്രാമത്തലവന്‍റെ മകൻ ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ പീഡിപ്പിച്ചത്.

ദിവസങ്ങള്‍ക്കു മുന്‍പ് ദാദ്രിയിൽ 12 വയസുകാരിയും ഷിക്കോഹബാദിൽ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയും പീഡനത്തിന് ഇരയായിരുന്നു. ദാദ്രിയിൽ അയൽവാസിയായ 3 പേർ ചേർന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 3 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഷിക്കോഹബാദിൽ അച്ഛന്‍റെ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയാണ് ആക്രമണത്തിനിരയായത്.