അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ പ്ലീഡർ പി.ജി. മനു കീഴടങ്ങി

 

കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ പ്ലീഡർ പി.ജി. മനു കീഴടങ്ങി. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും പി.ജി. മനുവിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി പി.ജി. മനു പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും നിർദ്ദേശിച്ചിരുന്നു.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി.ജി. മനുവിനെതിരെ പോലീസ് കേസെടുത്തത്. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയിരുന്നു. തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നായിരുന്നു അതിജീവിതയുടെ ഹര്‍ജി.

നേരത്തെ കേസില്‍ കീഴടങ്ങാന്‍ പി.ജി. മനുവിന് പത്തു ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ കേസ് ലിസ്റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹർജിയിലായിരുന്നു ഹൈക്കോടതി നേരത്തെ കീഴടങ്ങാന്‍ സമയം അനുവദിച്ചിരുന്നത്. ഇതിനിടെയാണ് സുപ്രീം കോടതിയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി, പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

Comments (0)
Add Comment