പീഡന കേസ് പ്രതിയായ സിപിഎം കൗണ്‍സിലറിനെ റിമാന്‍ഡ് ചെയ്തു

Jaihind Webdesk
Saturday, May 14, 2022

മലപ്പുറം: സ്കൂള്‍ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ സിപിഎം  നഗരസഭാ കൗണ്‍സിലറും മുന്‍ അധ്യാപകനുമായ  കെ.വി ശശികുമാറിനെകോടതി റിമാന്‍ഡ് ചെയ്തു. ശശികുമാറിനെതിരെ സ്‌കൂൾ അധികൃതർക്ക് മുമ്പ് പരാതി ലഭിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിക്കും. കേസിൽ അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ ശശികുമാറിനെ വയനാട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ ഒളിവിൽ കഴിയുകയായിരുന്നു കെ.വി ശശികുമാർ .

കഴിഞ്ഞ ഏഴാം തീയതി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് സെന്‍റ് ജെമാസ് സ്‌കൂളിലെ പൂർവ വിദ്യാർഥിനി നൽകിയ പരാതിയിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത് . അധ്യാപകനായിരിക്കെ 30 വര്‍ഷത്തോളം നിരവധി വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായാണ് ശശികുമാറിനെതിരായ ആരോപണം. ഇക്കാര്യവും പോലീസ് അന്വേഷിക്കും . ആരോപണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

2019 ൽ ശശികുമാറിനെതിരെ സ്‌കൂൾ അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിട്ടും അവഗണിച്ചെന്ന് സ്‌കൂളിലെ പൂർവ വിദ്യാർഥികളും ആരോപണം ഉന്നയിച്ചിരുന്നു. പരാതി ലഭിച്ചിട്ടും സംഭവം സ്‌കൂൾ അധികൃതർ മറച്ചുവച്ചോയെന്നും പെോലീസ് അന്വേഷിക്കും . കഴിഞ്ഞ മാര്‍ച്ചില്‍ സ്‌കൂളിൽ നിന്ന്‌ വിരമിച്ച സി.പി.എം ബ്രാഞ്ചംഗം കൂടിയായ ശശികുമാർ മൂന്നു തവണ മലപ്പുറം നഗരസഭാംഗമായിട്ടുണ്ട്.