ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സ്വദേശത്തെത്തിക്കാന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണം; റയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും എം.കെ രാഘവന്‍ എംപിയുടെ കത്ത്

Jaihind News Bureau
Saturday, May 2, 2020

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സ്വദേശത്തെത്തിക്കാന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന് എം.കെ രാഘവന്‍ എംപി. ഇവരെ  കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്  ആരോഗ്യ പരിശോധനകളോട് കൂടി കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എം.കെ രാഘവന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇതരസംസ്ഥാനത്തുള്ള കുടുങ്ങി കിടക്കുന്ന മലയാളികളെ സ്വദേശത്തെത്തിക്കാന്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണം,

ഒരു മാസത്തെ രാജ്യവ്യാപക ലോക്ക് ഡൗണിനിടയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്തര്‍സംസ്ഥാന യാത്രകള്‍ക്കുള്ള വിലക്ക് നീക്കിയിരുന്നു.

ഇതു പ്രകാരം സംസ്ഥാനത്ത് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം ഇതര സംസ്ഥാന തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയിട്ടുമുണ്ട്.

കേരളത്തില്‍ നിന്നുള്ളവരും ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ഭൂരിഭാഗവും, ബാംഗ്ലൂര്‍, ചെന്നൈ, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, യു.പി, ഡല്‍ഹി എന്നിവിടങ്ങളിലാണുള്ളത്.

ഇവിടങ്ങളില്‍ നിന്ന് അത്യാവശ്യക്കാരായ മലയാളികളെ
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് , ആരോഗ്യ പരിശോധനകളോട് കൂടി
കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റയിൽവേ മന്ത്രിക്കും, വിഷയത്തിൽ മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്തയച്ചു.