റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് പി.എസ്.സി; വ്യാപക പ്രതിഷേധം

Jaihind News Bureau
Sunday, June 21, 2020

Kerala-PSC

ജൂൺ 30 വരെ കാലാവധിയുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് പി.എസ്.സി. ലോക്ഡൗൺ കാലത്തും കൂടുതൽ നിയമനങ്ങൾ നടത്തിയെന്നാണ് പി.എസ്.സിയുടെ വിശദീകരണം. അതേസമയം പത്തു ശതമാനം നിയമനം പോലും നടന്നില്ലെന്നാരോപിച്ച് സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിലുള്ളവർ   മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഫേസ്ബുക്കില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

നൂറിലേറെ ലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ജൂൺ 30 നു സിവിൽ പൊലീസ് ഓഫിസർ അടക്കമുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുകയാണ്. ഇതുള്‍പ്പടെ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകൾ നീട്ടേണ്ട സാഹചര്യമില്ലെന്നു സർക്കാരിനേയും പി.എസ്.സി അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്തും ഇന്നലെ  കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകളിൽ നിന്നും 7312 പേർക്ക് നിയമനം നൽകിയിട്ടുണ്ടെന്നാണ് പി.എസ്.സി ചെയർമാന്‍റെ വാദം.

എന്നാൽ കാലാവധി കഴിഞ്ഞ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എക്സൈസ് മന്ത്രിയുടെ ഫേസ്ബുക്ക് പേജിലെത്തി. പത്ത് ശതമാനം പോലും നിയമനം നടന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.