ഉദ്യോഗാർത്ഥി സമരം : പുതിയ ഉറപ്പുകളില്ലാതെ സർക്കാർ ഉത്തരവ് ; സിപിഒ റാങ്ക് ഹോള്‍ഡേഴ്സിനെ തഴഞ്ഞു, സമരം തുടരും

Jaihind News Bureau
Thursday, February 25, 2021

തിരുവനന്തപുരം : തൊഴിലിനായി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ പരിഹസിക്കുന്ന നിലപാടുമായി വീണ്ടും സർക്കാർ. പുതിയ ഉറപ്പുകളൊന്നുമില്ലാതെ സമരക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായിറക്കി. ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നൈറ്റ് വാച്ച്മാന്‍മാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനിയും രണ്ട് മാസങ്ങൾ കൂടി ഉള്ളതിനാൽ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തുമെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം സി.പി.ഒ റാങ്ക് ഹോൾഡേഴ്‌സിന്‍റെ ആവശ്യത്തിൽ ന്യായമില്ലെന്നാണ് സർക്കാർ നിലപാട്. ഉദ്യോഗാർത്ഥികൾ പറയുന്ന 1200 തസ്തികകളിലേക്കും നിയമനം നടത്തിയെന്നും ഉത്തരവിൽ പറയുന്നു.

ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെ ജോസാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ വാക്കാല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഉത്തരവായി പുറത്തിറക്കുകയാണ് ചെയ്തത്. സിപിഒമാരുടെ ലിസ്റ്റില്‍ 7580 പേരില്‍ 5609 പേര്‍ക്ക് പിഎസ്സി അഡൈ്വസ് മെമോ നല്‍കി. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. 1100 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന വാദത്തിന് വസ്തുതകളുടെ അടിസ്ഥാനമില്ലെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം ഉത്തരവില്‍ വ്യക്തതയില്ലെന്നും സമരം പിന്‍വലിക്കില്ലെന്നും ഉദ്യോഗാർത്ഥികള്‍ വ്യക്തമാക്കി. സർക്കാർ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇത് ഒരു ഉത്തരവായി കാണാനാവില്ലെന്നും ലയ രാജേഷ് പ്രതികരിച്ചു. ആവശ്യപ്പെട്ട കാര്യങ്ങൾ കൃത്യമായ ഉത്തരവായി ഇറക്കിയാലേ സമരം അവസാനിപ്പിക്കൂ എന്നും ലയ രാജേഷ് വ്യക്തമാക്കി.