രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്; 15 പ്രതികള്‍ക്കും വധശിക്ഷ

 

ആലപ്പുഴ: ബിജെപി – ഒബിസി മോർച്ച നേതാവ് രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വി.ജി. ശ്രീദേവിയാണ് 15 പ്രതികള്‍ക്കും പരമാവധി ശിക്ഷ വിധിച്ചത്.  പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികള്‍.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ, അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലയ്ക്കൽ നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികൾ. പത്താം പ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

2021 ഡിസംബർ 19 ന് രൺജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ. നന്ദുകൃഷ്ണയുടെ കൊലപാതകത്തിന് പ്രതികാരമെന്ന പോലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ മണ്ണഞ്ചേരിയിൽ കൊലപ്പെടുത്തി. അതിന്‍റെ പിറ്റേന്നായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20നു വിധിച്ചിരുന്നു. തുടർന്ന് പ്രതികളെയും കേട്ട ശേഷമാണ് ശിക്ഷ വിധിക്കുന്നതിനായി ഇന്നത്തേക്കു മാറ്റിയത്.

Comments (0)
Add Comment