രഞ്ജൻ ഗൊഗോയി രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തു

Jaihind News Bureau
Monday, March 16, 2020

ന്യൂഡൽഹി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ഗൊഗോയിയെ നാമനിർദ്ദേശം ചെയ്തത്. ഇത് സംബന്ധിച്ച് ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.

2018 ഒക്ടോബറിൽ ജസ്റ്റിസ് ദീപക് മിശ്രയുടെ പിൻഗാമിയായാണ് ചീഫ് ജസ്റ്റിസായി ഗൊഗോയ് ചുമതലയേൽക്കുന്നത്. അയോധ്യ, ശബരിമല കേസുകളിൽ വിധി പ്രസ്താവം പുറപ്പെടുവിച്ചതിന് ശേഷമാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 2019 നവംബർ 17 നാണ് അദ്ദേഹം വിരമിച്ചത്.

നാമനിർദേശം ചെയ്യപ്പെട്ട രാജ്യസഭാംഗം കെ.ടി.എസ്. തുളസി വിരമിച്ച ഒഴിവിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗൊഗോയിയെ നാമനിർദേശം ചെയ്തതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ നവംബറിൽ ബാബരി ഭൂമി തർക്കകേസിൽ വിധിപറഞ്ഞത് ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്.

ശബരിമല സ്ത്രീപ്രവേശം, റഫാൽ യുദ്ധവിമാന ഇടപാട് തുടങ്ങിയ വിവാദ കേസുകളിലും വിധിപറഞ്ഞത് രഞ്ജൻ ഗൊഗോയി നേതൃത്വം നൽകിയ ബെഞ്ചായിരുന്നു. ഗൊഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ വാർത്താ സമ്മേളനം നടത്തിയത് വലിയ വിവാദമായിരുന്നു. അസം സ്വദേശിയായ ഗൊഗോയി. 2001ൽ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി. ഗൊഗോയി പഞ്ചാബ്-ഹരിയാന ഹൈകോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011-ൽ പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ ചീഫ് ജസ്റ്റിസായി. തൊട്ടടുത്തവർഷമാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്.