ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു; പ്രക്ഷോഭം തുടരുന്നു

Jaihind Webdesk
Saturday, July 9, 2022

കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവെച്ചു. പ്രക്ഷോഭം കൈവിട്ടതിനെ തുടർന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് രാജി. പ്രസിഡന്‍റും രാജിവെക്കണമെന്ന ആവശ്യമാണ് സർവകക്ഷിയോഗത്തില്‍ ഉയർന്നത്. അതേസമയം പ്രക്ഷോഭകാരികള്‍ അതിക്രമിച്ചുകയറി വസതി വളഞ്ഞതിനെ തുടർന്ന് പ്രസിഡന്‍റ് ഗോട്ടബയ രജപക്സ രാജ്യം വിട്ടതായാണ് റിപ്പോർട്ടുകള്‍. അജ്ഞാത കേന്ദ്രത്തിലുള്ള രജപക്സയും രാജിസന്നദ്ധത അറിയിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ ആഭ്യന്തര കലാപം അതിരൂക്ഷമാണ്. പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്‍റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തിൽ പങ്കാളികളാണ്. ബസും ട്രെയിനും ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനങ്ങളും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. അതേസമയം പ്രക്ഷോഭകാരികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 33 പേർക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. തലസ്ഥാന നഗരമായ കൊളംബോ പൂർണ്ണമായും പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലാണ്.