പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു: രണ്‍ദീപ്സിംഗ് സുര്‍ജെവാല

Jaihind Webdesk
Tuesday, January 1, 2019

പ്രധാനമന്ത്രിയുടെ അഭിമുഖം ആത്മരതിയിൽ അഭിരമിക്കുന്ന ആത്മഗതം മാത്രമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിംഗ് സുർജേവാല. നരേന്ദ്രമോദിക്ക് രാജ്യത്തെ നിയമ വ്യവസ്ഥിതിയെപ്പറ്റി അജ്ഞതയാണെന്ന് പറഞ്ഞ അദേഹം പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞു.

മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന നരേന്ദ്ര മോദി വാഗ്ദാനങ്ങളൊന്നും നിറവേറ്റിയില്ല. 2 കോടി യുവാക്കൾക്ക് തൊഴിൽ നല്‍കുമെന്ന് പറഞ്ഞ മോദി യുവാക്കളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും സുര്‍ജെവാല പറഞ്ഞു. മോദി ഭരണം രാജ്യത്തിന്‍റെ സാമ്പത്തിക, വ്യാപാര, കാർഷിക മേഖലകളെ തകർത്തു. ബാങ്കുകളിൽ നടന്നത് വൻ കൊള്ളയാണ്. രാജ്യസുരക്ഷ തന്നെ പ്രതിസന്ധിയിലായി. സമ്പദ് വ്യവസ്ഥയേയും ഭരണഘടന സ്ഥാപനങ്ങളേയും തകർക്കാനുള്ള ശ്രമമാണ് നടന്നത്.

നോട്ട് നിരോധനം എന്ന അഴിമതിയെപ്പറ്റിയും ദുരന്തത്തെപ്പറ്റിയും രാജ്യത്തെ ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. റഫാല്‍ കരാറിലൂടെ  കോടികള്‍ പ്രധാനമന്ത്രി തന്‍റെ സുഹൃത്തിന് നൽകുകയാണ് ചെയ്തതെന്ന് പറഞ്ഞ സുര്‍ജെവാല അഗസ്ത വെസ്റ്റ്ലാൻഡിന്‍റെ പങ്കാളിയും സംരക്ഷകരും കേന്ദ്രസർക്കാരാണെന്നും തുറന്നടിച്ചു. റാഫാൽ ഫയലുകൾ പുറത്ത് വരാതിരിക്കാനാണ് ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.