ലോക്‌സഭയിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്; ബിജെപി എംപി പാർലമെന്‍റിൽ വച്ച് കയ്യേറ്റം ചെയ്തെന്നു പരാതി

Jaihind News Bureau
Monday, March 2, 2020

കോൺഗ്രസ് എംപി രമ്യ ഹരിദാസിനെ ബിജെപി എംപി പാർലമെന്‍റിൽ വച്ച് കയ്യേറ്റം ചെയ്തെന്നു പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് രമ്യ ഹരിദാസ് പരാതി നൽകി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.

ബി.ജെ.പി എം.പി ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും സ്പീക്കറോട് ചോദിച്ച് രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു. സംഭവത്തില്‍ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് രേഖമൂലം പരാതി നല്‍കി. രാജസ്ഥാനിൽനിന്നുള്ള ബിജെപി എംപി ജസ്കൗർ മീണയാണ് കയ്യേറ്റം ചെയ്തതെന്നും എംപിക്കെതിരെ നടപടിയെടുക്കണമെന്നും രമ്യ സ്പീക്കർക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് രമ്യ ലോക്സഭയില്‍ കയ്യേറ്റം ചെയ്യപ്പെടുന്നത്.  പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നതെന്ന് രമ്യ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലും ചോദ്യമുയർത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയപ്പോഴായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം ഉണ്ടായത്. ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തി വച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷ നിര വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു. ലോക്‌സസഭയിലാകട്ടെ നടപടി നീട്ടിക്കൊണ്ട് പോകാനാണ് സ്പീക്കര്‍ ശ്രമിച്ചത്. പ്ലക്കാഡും ബാനറും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം.

കഴിഞ്ഞ വർഷം ശീതകാല സമ്മേളനത്തിനിടയിലും രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള കോൺഗ്രസിന്‍റെ രണ്ടു വനിതാ എംപിമാരെ ലോക്സഭയിലെ മാർഷലുമാർ കയ്യേറ്റം ചെയ്തിരുന്നു.