പാട്ടുംപാടി ജയിച്ച് ആലത്തൂരിന്‍റെ പെങ്ങളൂട്ടി; രമ്യ ഹരിദാസിന് വന്‍ ഭൂരിപക്ഷം

Jaihind Webdesk
Thursday, May 23, 2019

മികച്ച വിജയം സ്വന്തമാക്കി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. ജനങ്ങളാണ് തന്‍റെ ശക്തിയെന്നും ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും രമ്യ പ്രതികരിച്ചു. വിവാദങ്ങളെ അതിജീവിച്ച് രമ്യ നേടിയ വിജയത്തിന് തിളക്കമേറെയാണ്. ഇടതുകോട്ടകളിലും രമ്യ വന്‍ മുന്നേറ്റമാണ് നടത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെക്കാള്‍ ഒരു ലക്ഷത്തി നാല്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ് രമ്യ ഇപ്പോള്‍. 88 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോഴാണ് രമ്യയുടെ വ്യക്തമായ മുന്നേറ്റം.

ഇത് ജനങ്ങള്‍ സമ്മാനിച്ച വിജയമെന്ന് ആലത്തൂരിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രമ്യ പ്രതികരിച്ചു. വിജയം പ്രതീക്ഷിച്ചിരുന്നെന്നും രമ്യ പറഞ്ഞു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു ലക്ഷത്തി നാല്‍പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് നിലവില്‍ രമ്യക്കുള്ളത്. 90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 4,87,939 വോട്ടുകള്‍ രമ്യ ഹരിദാസ് നേടിയിട്ടുണ്ട്. ഇടത് സ്ഥാനാര്‍ത്ഥി പി.കെ ബിജു 3,40,360  വോട്ടുകള്‍ നേടിയപ്പോള്‍ എന്‍.ഡി.എയുടെ ടി.വി ബാബുബിന് 82,720 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

ഇടത് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്ഷേപങ്ങളുന്നയിച്ച് രമ്യയെ മാനസികമായി തകര്‍ക്കാന്‍ നിരവധി ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് രമ്യ പൊരുതിനേടിയ ജയം അധിക്ഷേപിച്ചവര്‍ക്ക് വ്യക്തമായ മറുപടി കൂടിയാണ്. ആലത്തൂരിലെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്ന് ആത്മവിശ്വാസമാണ് രമ്യ ഹരിദാസ് തുടക്കം മുതല്‍ പ്രകടിപ്പിച്ചിരുന്നത്. വ്യക്തമായ ഭൂരിപക്ഷത്തില്‍ ആധികാരികമായി നേടിയ ജയം തന്നെയാണ് അധിക്ഷേപിച്ചവര്‍ക്ക് രമ്യ നല്‍കുന്ന മറുപടി.