ലോക്‌സഭയില്‍ താരമായി രമ്യ ഹരിദാസ്; സ്പീക്കറുടെ പ്രശംസ; നാടിന്റെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിച്ച് കന്നി പ്രസംഗം

Jaihind Webdesk
Tuesday, July 2, 2019

ramya-haridas

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ തന്നെ സഭയിലെ മിന്നുംതാരമായി ആലത്തൂരില്‍ നിന്നുള്ള എം.പി. രമ്യ ഹരിദാസ്. ആദ്യം ശൂന്യവേളയില്‍ സ്പീക്കര്‍ ഓം ബിര്‍ള സംസാരിക്കാന്‍ വിളിച്ചപ്പോള്‍ രാംമിയ എന്ന് തെറ്റായിട്ടാണ് സ്പീക്കര്‍ രമ്യയുടെ പേര് ഉച്ചരിച്ചത്. രമ്യയും മറ്റംഗങ്ങളും ചേര്‍ന്ന് ഇത് തിരുത്തുകയായിരുന്നു.
ഇത് കേട്ട് ചിരിച്ചു പോയ സ്പീക്കര്‍ പിന്നാലെ രമ്യയെ പുകഴ്ത്തി സംസാരിച്ചു. തദ്ദേശ ഭരണ നേതൃതലത്തില്‍ മികച്ച പ്രവര്‍ത്തനമാണ് രമ്യ കാഴ്ചവെച്ചതെന്ന് സ്പീക്കര്‍ അംഗങ്ങളോടായി പറഞ്ഞു. ഇതിനു പിന്നാലെ രമ്യ സംസാരിച്ചു. വ്യക്തമായ ഇംഗ്ലീഷില്‍ തന്നെയാണ് രമ്യ ആലത്തൂരിന്റെ പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിച്ചത്. ആലത്തൂര്‍ കാര്‍ഷിക മേഖലയാണെന്നും കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗമെന്നും രമ്യ പറഞ്ഞു. കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് മിനിമം വില ലഭിക്കുന്നില്ലെന്ന് രമ്യ വ്യക്തമാക്കി.
അടുത്തുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിഷം തളിച്ച പച്ചക്കറികളെപ്പോലെയല്ല, ഓര്‍ഗാനിക് രീതിയിലാണ് ഇവിടെ കര്‍ഷകര്‍ കൃഷി ചെയ്യുന്നതെന്നും അതിനാല്‍ പച്ചക്കറികള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സംഭരണികള്‍ അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായി രമ്യ പറഞ്ഞു.