ഇത് ‘പൊളിറ്റിക്കൽ ക്വാറന്‍റീന്‍’, പരിശോധനഫലം നെഗറ്റീവാണെന്നത് തെളിവ്: രമ്യ ഹരിദാസ് എം പി

Jaihind News Bureau
Tuesday, May 19, 2020

വാളയാറിൽ കുടുങ്ങിയ ആലത്തൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെടെയുള്ളവരുടെ വേദനാജനകമായ സാഹചര്യം പരിശോധിക്കുന്നതിനും, അവർക്ക് കൊവിഡ്‌ പ്രോട്ടോക്കോൾ പ്രകാരമുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്‍റീന്‍  അനുവദിക്കണമെന്ന് ആവശ്യപ്പെടാനുമായി പോയ താനുൾപെടെയുള്ള എം പിമാർക്കെതിരേയും എം എൽ എ മാർക്കെതിരെയും ഉത്തരവായ ക്വാറന്‍റീന്‍  “പൊളിറ്റിക്കൽ ക്വാറന്‍റീന്‍” ആണെന്നത് വ്യക്തമായതായി രമ്യ ഹരിദാസ് എം.പി.

എം പിമാരുടെയും എംഎൽ എമാരുടെയും സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണെന്നത് ഇതിന് തെളിവായി രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് വന്ന കോവിഡ്‌ ബാധിതരായ അഞ്ചുപേരുമായി നേരിട്ട് സമ്പർക്കത്തിലേർപെട്ട ഭരണകക്ഷിയിൽ പെട്ട മന്ത്രിയുടെ കാര്യത്തിൽ ഒരു നയവും പ്രതിപക്ഷത്തുള്ള എം പി മാർക്കും എം എൽ എ മാർക്കും മറ്റൊരു നയവും നടപ്പിലാക്കുന്ന മുഖ്യമന്ത്രിയും ഇടതുപക്ഷവുമാണ് ‘രോഗം പരത്തുന്ന കൊലയാളി’കളെന്നും, മന്ത്രിയുടെ കാര്യത്തിൽ ക്വാറന്‍റീന്‍  വേണോയെന്ന കാര്യം തീരുമാനിക്കാൻ തന്നെ തെളിവെടുപ്പും മൊഴിയെടുപ്പുമായി മൂന്ന് ദിവസം എടുത്തുവെന്നും എന്നാൽ താനടക്കമുള്ള എം പി മാരുടെയും എം എൽ എ മാരുടെയും കാര്യത്തിൽ തെളിവെടുപ്പും മൊഴിയെടുപ്പും ഉണ്ടായില്ലെന്ന് മാത്രമല്ലാ, 24 മണിക്കൂറിനകം ഏക പക്ഷീയമായ തീരുമാനം അടിച്ചേല്പിക്കുകയാണുണ്ടായതെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

മഹാമാരി പടർന്ന് പിടിക്കുന്ന ഈ ഘട്ടത്തിൽ അതിനെ ഫലപ്രദമായി നേരിടാൻ ഒന്നിച്ച് നിൽക്കുന്നതിന് പകരം
രാഷ്ട്രീയ പ്രതിയോഗികളെ ‘നിർബന്ധ വനവാസ’ത്തിന്(പൊളിറ്റിക്കൽ ക്വാറന്‍റീന്‍) വിടുന്ന സർക്കാരിന്റെ നയം അങ്ങേയറ്റം അപലപനീയമാണെന്നും മഹാമാരിക്കിടയിലും രാഷ്ട്രീയം കളിക്കുന്ന ഇടത്കക്ഷികളുടെ വികൃതമുഖം ജനങ്ങൾക്ക് കാണാനായതായും രമ്യ ഹരിദാസ് പറഞ്ഞു.