കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്; ഭാരത് ബച്ചാവോ മഹാറാലി നാളെ

Jaihind News Bureau
Friday, December 13, 2019

കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്.  രാംലീല മൈതാനത്ത് നാളെ ഭാരത് ബച്ചാവോ മഹാറാലി നടത്തും. പൗരത്വ ഭേദഗതി ബിൽ അടക്കമുള്ള മോദി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്നും ഒരു ലക്ഷത്തോളം പ്രവർത്തകർ റാലിയി പങ്കാളികളാകും.

ഭാരത് ബച്ചാവോ റാലിയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  റാലി ചരിത്രപരമായ ഒന്നായിരിക്കുമെന്നും പറഞ്ഞു.  മോദി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ചരിത്രപരമായ റാലിയാണിത്.  ജില്ലാ, സംസ്ഥാന തലങ്ങളിൽ രാജ്യത്തുടനീളം നടന്ന കോൺഗ്രസിന്‍റെ പ്രക്ഷോഭ പരിപാടികള്‍ അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുന്ന ഒരു സമ്മേളനമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.  ഈ ബിൽ നിർത്തലാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്രീകരിക്കുമ്പോഴും രാജ്യം നേരിടുന്ന മറ്റ് ഗുരുതര പ്രശ്നങ്ങളായ  സാമ്പത്തിക മാന്ദ്യം, ഉയർന്ന തൊഴിലില്ലായ്മാ നിരക്ക്, അവശ്യവസ്തുക്കളുടെയും ഉപഭോക്തൃവസ്തുക്കളുടെയും ഉയര്‍ന്ന വില, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അതിക്രമങ്ങൾ, കാർഷിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും റാലിയില്‍ കോൺഗ്രസ് ഉന്നയിക്കും.