പുതിയ വിദ്യാഭ്യാസമന്ത്രിയുടെ ഡിഗ്രിയും വ്യാജമെന്ന് ആരോപണം

Jaihind Webdesk
Sunday, June 2, 2019

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്രമന്ത്രി സമൃതി ഇറാനിക്കും പിന്നാലെ പുതിയ മോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ബിരുദവും വ്യാജമെന്ന് റിപ്പോര്‍ട്ട്. സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച് 1990ല്‍ കൊളംബോ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്നും രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ഡി ലിറ്റ് ബിരുദം നേടി എന്നത് വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്.

രമേഷ് പൊഖ്രിയാലിന്റെ ബയോഡാറ്റയില്‍ പറയുന്ന രണ്ട് ഡിലിറ്റ് ബിരുദങ്ങള്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കന്‍ സര്‍വകലാശാലയുടെ പേരിലാണ്. എന്നാല്‍ ശ്രീലങ്കയില്‍ അങ്ങനെയൊരു സര്‍വകലാശാല ഇല്ലെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീലങ്കയിലെ സര്‍വകലാശാല ഗ്രാന്‍ഡ്സ് കമ്മീഷനില്‍ നിന്ന് ഇതിന് വ്യക്തമായ സ്ഥിരീകരണം കിട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശാസ്ത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് കൊളംബോ ഓപ്പണ്‍ സര്‍വകലാശാല പൊഖ്രിയാലിന് ഡോക്ടറേറ്റ് നല്‍കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

നിരവധി വിവാദ പ്രസ്താവനകള്‍ കൊണ്ട് കുപ്രസിദ്ധനായ ഇദ്ദേഹം ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഉത്തര്‍പ്രദേശിലെ പ്രധാന ബി.ജെ.പി നേതാക്കളിലൊരാളുമാണ്. ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നില്‍ എത്രയോ ചെറുതാണെന്നും ലോകത്തിലെ നമ്പര്‍ വണ്‍ ശാസ്ത്രം ജ്യോതിഷമാണെന്നും തുടങ്ങി നിരവധി വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനാണ് പുതിയ മാനവവിഭവ ശേഷി മന്ത്രി.