“കിഫ്ബി പോലെ ഉഡായിപ്പല്ലിത്” : തോമസ് ഐസക്കിന് രമേശ് ചെന്നിത്തലയുടെ മറുപടി

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതിയെ വിമർശിച്ച ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐസക്കിന്‍റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയുമെന്ന് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

താൻ ചെയ്യുന്ന തട്ടിപ്പ് പണിയാണ് മറ്റുള്ളവരും നടത്തുന്നതെന്ന് കരുതുന്ന തോമസ് ഐസക്കിനോട് സഹതപിക്കാൻ മാത്രമേ കഴിയുന്നുള്ളൂവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഷ്ടിച്ച് 6,000 കോടി മാത്രം കയ്യിൽ വെച്ചുകൊണ്ട് 50,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് പറയുന്ന തോമസ് ഐസക്കിന്‍റെ കിഫ്ബി പോലെ ഉഡായിപ്പ് പദ്ധതിയാണെന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാകാം, ഐസക് മിനിമം വരുമാന പദ്ധതിയെ വിമര്‍ശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതി വെറുമൊരു വാഗ്ദാനമല്ല, അധികാരത്തിലേറിയാൽ നടപ്പിലാക്കാന്‍ വേണ്ടി തയാറാക്കിയതാണ്. ഒന്നാം യു.പി.എ സർക്കാർ കർഷകരുടെ 72,000 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതി തള്ളിയ കാര്യം തോമസ് ഐസക്ക് മറന്നു പോകരുത്. പ്രഖ്യാപിക്കുക മാത്രമല്ല അത് നടപ്പാക്കുന്ന ചരിത്രമാണ് കോൺഗ്രസിനുള്ളത്. ബി.ജെ.പിക്കാർ പോലും ഉയർത്താത്ത അടിസ്ഥാന രഹിതമായ വിമർശനം ഉയർത്തുന്ന തോമസ് ഐസക്ക് ഫലത്തിൽ ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ramesh chenni thalaThomas Issac
Comments (0)
Add Comment