കൃത്രിമ സർവേകളിലൂടെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കം തടയണം ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Monday, March 22, 2021

 

തിരുവനന്തപുരം: പക്ഷപാതപരവും കൃത്രിമവുമായ  തിരഞ്ഞെടുപ്പ് സര്‍വ്വേകളും അഭിപ്രായ വോട്ടെടുപ്പുകളും ഉപയോഗിച്ച് സ്വതന്ത്രവും നിക്ഷപക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറം മീണയ്ക്ക് കത്ത് നല്‍കി.

തെരഞ്ഞെടുപ്പിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഈ  ഘട്ടത്തില്‍ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അഭിപ്രായ വോട്ടെടുപ്പുകളും സര്‍വ്വേകളുമാണ് വിവിധ മാദ്ധ്യമങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും ദു:സ്വാധീനം ചെലുത്തുന്നതിനുമുള്ള നിക്ഷിപ്ത ലക്ഷ്യത്താടെ കൃത്രിമത്വം നടത്തിയാണ് സര്‍വ്വേകള്‍ സൃഷ്ടിക്കുന്നതെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത്  വലിയ തോതിലുള്ള ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ നിയമസഭാ മണ്ഡലം തിരിച്ച് നിക്ഷിപ്ത താത്പര്യത്തോടെയുള്ള സര്‍വ്വേകളും അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുകയാണ്.

വോട്ടര്‍മാരുടെ മനസില്‍ വലിയ തോതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും അവരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനോനില മാറ്റുന്നതിനും അതു വഴി  സ്വതന്ത്രവും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ  തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ബോധപൂര്‍വ്വം ചെയ്യുന്നതാണിത്. അത് കൊണ്ട് അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് പ്രക്രിയെ തകിടം മറിക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറോട് ആവശ്യപ്പെട്ടു.