ഷാര്‍ജ: അഴിമതിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പോരാട്ടത്തിന്‍റെ കുറിപ്പുകള്‍ പുസ്തകമായി ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി പ്രകാശനം നിര്‍വഹിച്ചു. ‘കടന്നുപോകും അഴിമതിയുടെ ഈ ദുരിതകാലവും’ എന്ന പേരിലാണ് ഈ പുസ്തകം പുറത്തിറക്കിയത്. ഷാര്‍ജ എക്സ്പോ സെന്‍ററിലെ റൈറ്റേഴ്സ് ഫോറം ഹാളില്‍ തിങ്ങി നിറഞ്ഞ നൂറുകണക്കിന് പേര്‍ പുസ്തക പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി പ്രകാശനം നിര്‍വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ മേധാവിയുമായ എല്‍വിസ് ചുമ്മാര്‍ പുസ്തകം പരിചയപ്പെടുത്തി. ജയ്ഹിന്ദ് ടിവി ചെയര്‍മാന്‍ അനിയന്‍കുട്ടി, ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, ഡോ. കെ.പി ഹുസൈന്‍, ജോണ്‍ മത്തായി, ഡോ. അന്‍വര്‍ അമീന്‍, വി.ടി സലീം, ആര്‍ ഹരികുമാര്‍, സൈനുല്‍ ആബിദ്ദീന്‍, ഇന്‍കാസ് യുഎഇ പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരില്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പുസ്തക പ്രസാധകരായ ഹരിതം ബുക്സ് ഉടമ പ്രതാപന്‍ തായാട്ട് ആമുഖ പ്രസംഗം നടത്തി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ നടത്തിയ സമരപോരാട്ടങ്ങളാണ് പുസ്തകത്തിലെ കുറിപ്പുകള്‍. പുസ്തക പ്രദര്‍ശന നഗരിയിലെ വിവിധ സ്റ്റാളുകളിലും രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി.
പുസ്തത്തിലെ പ്രധാന ഉള്ളടക്കം:
മലയാളി ഇന്നുവരെ കേള്‍ക്കാത്ത കണ്‍സള്‍ട്ടന്‍സി കരാറുകള്‍, സ്വര്‍ണ്ണക്കടത്ത്, ഡാറ്റ കുംഭകോണം, ബ്രൂവറി ഡിസ്‌ലറി, സ്പ്രിങ്ക്‌ളര്‍ അഴിമതി, മദ്യ വിതരണത്തിന് ബെവ്ക്യൂ ആപ്പ്, കിഫ്ബി എന്ന കൊള്ള, പമ്പ നദിയിലെ കോടികളുടെ മണല്‍ക്കൊള്ള, കെ ഫോണ്‍ ഇങ്ങിനെ നീളുന്നു ഈ പുസ്തകത്തിലെ അഴിമതിക്കഥകള്‍. മലയാളികള്‍ക്ക് അഴിമതിയെക്കുറിച്ച് ഉണ്ടായിരുന്ന എല്ലാ സങ്കല്‍പ്പങ്ങളും മാറ്റിമറിക്കുന്ന കാഴ്ചകളും 146 പേജുള്ള ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു.