വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Jaihind News Bureau
Saturday, October 10, 2020

തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമായ കൊലപാതകത്തില്‍ പുനരന്വേഷണം വേണമെന്നും, കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. പീഡനത്തിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അവരുടെ മാതാപിതാക്കള്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന വേദി പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുനരന്വേഷണവും, അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

കേസന്വേഷണത്തിന്‍റേയും, പ്രോസിക്യൂഷന്‍റേയും വിവിധ ഘട്ടങ്ങളില്‍ ഈ കേസ് അട്ടിമറിക്കാനും, പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണ് പോലീസ് അന്വേഷണസംഘത്തിന്‍റേയും, പ്രോസിക്യൂഷന്‍റേയും ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രധാനപ്പെട്ട ഒരു കേസിന്‍റെ അന്വേഷണം ഇത്ര ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും പൊലീസ് സേനയില്‍ തുടരുന്നത് പൊതുസമൂഹത്തിന് തന്നെ ഭീഷണിയാണ്. പിന്നോക്ക, ദരിദ്രകുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഢനത്തിനിരയായി മരിച്ചിട്ടും നീതി തേടി അവരുടെ മാതാപിതാക്കള്‍ക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രക്ഷോഭം നടത്തേണ്ടി വന്നത് കേരളത്തിന് തന്നെ അപമാനകരമാണ് എന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇവരെ ഇനിയും കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടാതെ മുഖ്യമന്ത്രി എന്ന നിലയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും, കേസിന്റെ പുനരന്വേഷണവും ഉടന്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.