കേരളത്തിനും മലപ്പുറം ജില്ലക്കുമെതിരെ നടത്തിയ വിദ്വേഷ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം : മനേക ഗാന്ധിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

ആന കൊല്ലപ്പെട്ട അതീവ ദുഖകരമായ സംഭവത്തിന്‍റെ മറവില്‍ കേരളത്തിനും മലപ്പുറം ജില്ലക്കുമെതിരെ നടത്തിയ വിദ്വേഷ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.

പാലക്കാട് ജില്ലയിലാണ് ആന കൊല്ലപ്പെട്ടത്. എന്നാല്‍ മലപ്പുറം ജില്ലയിലാണ് ഈ സംഭവം നടന്നതെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും അവിടെ ഇത്തരത്തില്‍ മൃഗങ്ങള്‍ക്കും മറ്റുമെതിരെ നിരന്തരമായി ക്രൂരതകള്‍ അരങ്ങേറുന്നുണ്ടെന്നും മനേക ഗാന്ധി പറഞ്ഞിരുന്നു. ഇത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും ഒരു പ്രദേശത്തെ ജനങ്ങള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ദേശീയ തലത്തില്‍ ബി.ജെ.പി നടത്തുന്ന വിദ്വേഷ പ്രചരണത്തിന്‍റെ ഭാഗമായാണ് ബി.ജെ.പി എം.പി മനേകാ ഗാന്ധി ഇത്തരത്തില്‍ പറഞ്ഞത്. ഈ സംഭവം നടന്നത് രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും ഇതിനിടയില്‍ ബി.ജെ.പി. നേതാക്കള്‍ നടത്തി. ഇതും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ആനക്കെതിരെ നടന്ന ക്രൂരതയെ അപലപിക്കുന്നു. അത് ഇനി ആവര്‍ത്തിക്കപ്പെടാനും പാടില്ല. എന്നാല്‍ അതിന്‍റെ പേരില്‍ വളരെ സമാധാനത്തോടെ ജനങ്ങള്‍ താമസിക്കുന്ന ഒരു സംസ്ഥാനത്തിനും ജില്ലക്കുമെതിരെ ഇത്തരത്തില്‍ ഹീനമായ, തെറ്റിദ്ധരിക്കപ്പെടുന്ന പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ല. ഇത്തരം പ്രചരണമൊന്നും കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala
Comments (0)
Add Comment