കൊവിഡ് ടെസ്റ്റുകളുടെ എണ്ണവും, വ്യാപ്തിയും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി; കേരളത്തില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു

Jaihind News Bureau
Sunday, July 5, 2020

തിരുവനന്തപുരം:    സംസ്ഥാനത്ത്   കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും സമ്പര്‍ക്ക രോഗബാധിതരുടേയും, ഉറവിടമറിയാത്ത രോഗബാധിതരുടേയും എണ്ണവും, നിരക്കും അനുദിനം വര്‍ദ്ധിക്കുന്നതിലുളള  ആശങ്ക ചൂണ്ടിക്കാട്ടി പ്രതിപക്ഷ  നേതാവ്  രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന അമിത ആത്മവിശ്വാസവും, അശ്രദ്ധയും രോഗവ്യാപനത്തിന്‍റെ തീവ്രത പതമടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കുറഞ്ഞ ടെസ്റ്റിംഗ് റേറ്റും, ക്വാറന്‍റയിന്‍ സംവിധാനങ്ങളിലെ അപാകതകളും  സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്നുള്ള  സന്ദേശമാണ് നല്‍കുന്നത്. കേരളത്തെക്കാള്‍ കുറവ് ആക്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രതിദിന ടെസ്റ്റിംഗുകളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കുന്നുണ്ട്.  കേരളത്തില്‍ ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം ഒരോ ദിവസവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ടെസ്റ്റിംഗുകളുടെ എണ്ണവും, വ്യാപ്തിയും പരമാവധി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ സൂചിപ്പിക്കുന്നു.  ക്വാറന്‍റൈന്‍ കാലയളവ് പൂര്‍ത്തീകരിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുളള വരെ ടെസ്റ്റിംഗിന് വിധേയമാക്കാത്തത് ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് നയിക്കും, മാത്രമല്ല ക്വാറന്‍റയില്‍ കഴിയുന്നവര്‍ക്കും കൊവിഡ് പരിശോധന നടത്തുന്നത് സമൂഹവ്യാപന ഭീഷണി ഒഴിവാക്കുന്നതിന് സഹായിക്കുകയും ചെയ്യും.
ഗുണനിലവാരമുള്ള മാസ്‌കുകളും, ഹാന്‍റ്സാനിറ്റൈസറുകളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന  സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളെ കൂടി കൊവിഡ് പ്രതിരോധത്തിനും, ചികിത്സയ്ക്കുമായി സജ്ജമാക്കേണ്ടതുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികളുടെ വെന്റിലേറ്റര്‍, ഐസിയു സൗകര്യങ്ങള്‍ക്കുള്ള ഫീസും, നിരക്കും സംബന്ധിച്ച കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കണം.

കേരളത്തിലെ ക്വാറന്‍റൈന്‍ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരെ പാര്‍പ്പിക്കുന്നതിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുളള  ക്വാറന്‍റൈന്‍ സംവിധാനങ്ങള്‍ ഒട്ടും തന്നെ പര്യാപ്തമല്ല. പല പ്രവാസികള്‍ക്കും മണിക്കൂറുകളോളം പെരുവഴിയില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ കാലവിളംബരം കൂടാതെ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിനും, ആവശ്യത്തിനും ആനുപാതികമായി കൂടുതല്‍ ക്വാറന്റയില്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും, നിലവിലുള്ള കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെടുന്നു.