കെ.എസ്.ഇ.ബിയിലെ പിന്‍വാതില്‍ നിയമന നീക്കം നിര്‍ത്തണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കുടുംബശ്രീയെ മുന്‍നിര്‍ത്തി സംസ്ഥാന വൈദ്യുത ബോര്‍ഡില്‍ വന്‍തോതില്‍ പിന്‍വാതില്‍ നിയമനം നടത്താനുള്ള നീക്കത്തില്‍ നിന്ന്  കെ.എസ്.ഇ.ബി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ 1500 ഡേറ്റാ എന്‍ട്രി വര്‍ക്കര്‍മാരേയും, 10000 ഹെല്‍പ്പര്‍മാരേയും ചട്ടങ്ങളും, മാനദണ്ഡങ്ങളും മറികടന്ന് കുടുംബശ്രീമുഖേന, നിയമിക്കുന്നതായാണ് വാര്‍ത്ത പുറത്തു വന്നിട്ടുള്ളത്.  പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെയും, എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചിനെയും  മറികടന്ന് നടക്കുന്ന ഈ നിയമനങ്ങള്‍ക്ക് പിന്നില്‍ വന്‍ അഴിമതിയും, സ്വജനപക്ഷപാതവുമാണുള്ളത്.   വൈദ്യുതി ബോര്‍ഡിന്‍റെ യാതൊരുവിധ അംഗീകാരമോ, അനുമതിയോ  ഇല്ലാതെ, അംഗീകൃത തൊഴിലാളി യൂണിയനുകളോട് പോലും ആലോചിക്കാതെയാണ് ഈ നിയമനങ്ങള്‍ നടത്തുന്നത്.

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സിപിഎം പ്രവര്‍ത്തകരെ അനര്‍ഹമായി നിയമിക്കുന്നുവെന്ന ആക്ഷേപവും, പരാതികളും ഇപ്പോള്‍ തന്നെ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് കെ.എസ്.ഇ.ബിയില്‍ അനധികൃത നിയമനനങ്ങള്‍ക്കുള്ള നീക്കവും നടത്തുന്നത്. കുടുംബശ്രീപോലുള്ള സ്ഥാപനങ്ങളെ  ഇതിനായി കരുവാക്കുന്നത് തികച്ചും ലജ്ജാകരമാണ്.  പിഎസ്സിയിലും, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലും പേര് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങളായി നിയമനം കാത്തിരിക്കുന്ന അഭ്യസ്തവിദ്യരെ മറുന്നുകൊണ്ട് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ സംസ്ഥാനത്ത് ഭാവിയില്‍ ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്കും ഇടവരുത്തും. മാത്രമല്ല ഈ  സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെപ്പോലും സര്‍ക്കാരിന്‍റെ ഇത്തരം നീക്കങ്ങള്‍ അപകടത്തിലാക്കും. ഈ സാഹചര്യത്തില്‍ കുടുംബശ്രീയുടെ മറവില്‍ കെ.എസ്.ഇ.ബിയില്‍ ഇപ്പോള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കരാര്‍ നിയമനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്‍മാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

pinarayi vijayanksebRamesh Chennithala
Comments (0)
Add Comment