കളമശേരി മെഡിക്കല്‍ കോളജില്‍ അശ്രദ്ധ കാരണം രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം വേണം: രമേശ് ചെന്നിത്തല മുഖ്യമന്ത്രി കത്ത് നല്‍കി

Jaihind News Bureau
Monday, October 19, 2020

തിരുവനന്തപുരം: കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹാരിസ് എന്ന കൊവിഡ് മരിച്ചത് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ കാരണമാണെന്ന പരാതിയില്‍ ഒരു വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

വെന്‍റിലേറ്റര്‍ റ്റിയൂബുകള്‍ സ്ഥാനം തെറ്റിക്കിടന്നത് മൂലം ഓക്സിജന്‍ ലഭിക്കാതെയാണ് രോഗി മരിച്ചതെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ശബ്ദസന്ദേശവും തുടര്‍ന്ന് സന്ദേശം നല്‍കിയെന്ന പറയുന്ന നഴ്സിംഗ് അസിസ്റ്റന്‍റിനെ ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തതും ദുരൂഹമാണ്. ശബ്ദ സന്ദേശത്തിന്‍റെ ആധികാരികത പരിശോധിച്ച് ഇത്തരം മരണങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതിന് പകരം ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തത് ഇക്കാര്യത്തില്‍ ആരോഗ്യ വകപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചമറയ്ക്കാനാണെന്ന ആരോപണം ശക്തമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ സംബന്ധിച്ച് നേരത്തേയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുള്ളതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശിയായ മധ്യവയസ്‌കന്‍ ചികിത്സ ലഭിക്കാതെ പുഴുവരിച്ച നിലയില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട സംഭവവും, കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗിയുടെ മരണവിവരം ബന്ധുക്കളില്‍ നിന്നും മറച്ചുവയ്ക്കുകയും ഒടുവില്‍ മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തത് ഗൗരവമേറിയ സംഭവ വികാസങ്ങളാണ്. ഇത്തരം വീഴ്ചകള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നത് ആരോഗ്യ വകുപ്പില്‍ എല്ലാം കുത്തഴിഞ്ഞു കിടക്കുന്നു എന്നതിന്റെ സൂചനയാണെന്നും
രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു.