പി എസ് സി പരീക്ഷകള്‍ ഇംഗ്‌ളീഷിനൊപ്പം മലയാളത്തിനും എഴുതാന്‍ സാഹചര്യം ഒരുക്കണം; സാഹിത്യ സാംസ്‌കാരിക നായകരുടെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Jaihind News Bureau
Monday, September 9, 2019

തിരുവനന്തപുരം:   പി എസ് സി പരീക്ഷ  ഇംഗ്‌ളീഷിനൊപ്പം മലയാളത്തിനും എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നേരത്തെ  പ്രമുഖ  ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കവയത്രി സുഗതകുമാരി, കവി  മധുസൂദനന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം സര്‍ക്കാരിന് മുന്നില്‍ ശക്തമായി ഉന്നയിച്ചിരുന്നു.  ഈ ആവശ്യം   തികച്ചും ന്യായമാണ്.  മലയാള ഭാഷക്ക് സര്‍ക്കാര്‍ വളരെയെധികം  പ്രധാന്യം നല്‍കുന്ന സാഹചര്യത്തില്‍   പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍റെ   പരീക്ഷകള്‍ മാതൃഭാഷയില്‍ കൂടി  എഴുതാനുള്ള സാഹചര്യം  ഒരുക്കേണ്ടത് സര്‍ക്കാരിന്‍റെ  കടമയാണ്.  കേന്ദ്ര പബ്‌ളിക്ക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷകളെല്ലാം  ഇംഗ്‌ളീഷിനൊപ്പം  ഹിന്ദിയിലും എഴുതാം.   അതു പോലെ കേരള  പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷകള്‍ ഇംഗ്‌ളീഷിനൊപ്പം മലയാളത്തിലും എഴുതാനുള്ള അവസരം ഒരുക്കേണ്ടതുണ്ട്.    ഇക്കാര്യത്തില്‍  കേരളത്തിലെ സാംസ്‌കാരിക  സമൂഹം     ഉന്നയിക്കുന്ന ആവശ്യത്തിനൊപ്പമാണ് പ്രതിപക്ഷവും.    മലയാള  ഭാഷക്ക് മുന്‍തൂക്കവും പ്രാധാന്യവും നല്‍കുന്ന നടപടി  പി എസ് സിയുടെയും  സര്‍ക്കാരിന്‍റെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തില്‍ ആവശ്യപ്പെട്ടു.