ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Tuesday, August 25, 2020

തിരുവനന്തപുരം:  ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന ജനത്തിരക്ക് കുറക്കാന്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര – കച്ചവട സ്ഥാപനങ്ങളും രാത്രി 9 മണിവരെയെങ്കിലും  കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഓണം അടുക്കുന്നതോടെ കടകളിലെ തിക്കും, തിരക്കും   ഇനിയും വര്‍ദ്ധിക്കും.  ഇത് കൊവിഡ് വ്യാപനം വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തിസമയം വര്‍ദ്ധിപ്പിച്ചാല്‍ കടകളിലെ നിലവിലുള്ള തിരക്കും, ആള്‍ക്കൂട്ടവും കുറയ്ക്കാനാകും. സമാനമായ ആവശ്യം വ്യാപാര സമൂഹവും ഉന്നയിക്കുന്നുണ്ട്.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും, കടകളിലും ജനത്തിരക്ക് കൂടി വരികയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയാണ് സര്‍ക്കാര്‍  നിശ്ചയിച്ചിരിക്കുന്നത്.   ഈ സാഹചര്യത്തിലാണ്  വ്യാപാരസ്ഥാപനങ്ങളുടെ  പ്രവര്‍ത്തന സമയം രാത്രി ഒമ്പത് വരെയെങ്കിലും  നീട്ടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.