5000 കോടിയുടെ ധാരണാപത്രം റദ്ദാക്കിയിട്ടില്ല ; മത്സ്യബന്ധന കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, February 23, 2021

 

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റദ്ദാക്കിയത് പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ്. 5000 കോടിയുടെ ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്കായി സ്ഥലം അുവദിച്ചതും വേണ്ടെന്നു വച്ചിട്ടില്ല. ഇത് പദ്ധതി എപ്പോള്‍ വേണമെങ്കിലും തുടങ്ങാന്‍ സാധിക്കുന്നതാണ്. മത്സ്യനയത്തില്‍ വരുത്തിയ മാറ്റവും പുനപരിശോധിച്ചിട്ടില്ല. മന്ത്രി മേഴ്സിക്കുട്ടിയമ്മ കള്ളം മാറ്റി പറഞ്ഞു കൊണ്ടിരിക്കുകയാണ്.

സർക്കാർ കൗശലത്തിൽ മത്സ്യനയത്തിൽ മാറ്റം വരുത്തി. വിദേശ കമ്പനിക്ക് മത്സ്യം കൊള്ളയടിക്കാനുള്ള ഗൂഢപദ്ദതിക്ക് സർക്കാർ അനുമതി നൽകി. ഇഎംസിസി മാത്രമല്ല, മറ്റ് ചില വൻകിട കമ്പനികളും ഇതിന് പിന്നിലുണ്ട്. അഡീ. ചീഫ് സെക്രട്ടറി അന്വേഷിച്ചതുകൊണ്ട് പ്രയോജനമില്ല. പ്രതിപക്ഷം കണ്ടുപിടിച്ച് പറഞ്ഞില്ലെങ്കിൽ ഈ കമ്പനി തീരത്തെ കൊള്ളയടിക്കുമായിരുന്നു.

തൊഴിലാളികളെ സർക്കാർ ചതിക്കുകയാണ്. കടൽക്കൊള്ളയ്ക്ക് ഒത്താശ ചെയ്തത് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ്. എല്ലാത്തിനും കൂട്ടുനിന്നത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമാണ്. ഇംഎംസിസിയുമായി ബന്ധപ്പെട്ട എല്ലാ കരാറും റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 27ന് നടക്കുന്ന തീരദേശഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.