ഭരണത്തിന്‍റെ തണലില്‍ സംസ്ഥാനത്ത് ലഹരി മാഫിയ അരങ്ങുതകർക്കുന്നു ; മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, September 3, 2020

 

തിരുവനന്തപുരം: ഭരണത്തിന്‍റെ തണലില്‍ സംസ്ഥാനത്ത് ലഹരി മാഫിയ  അരങ്ങുതകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾ ഇതിന് നേതൃത്വം നൽകുന്നു. സർക്കാരിന്‍റെ ഒത്താശയോടെയാണിത്. യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്  ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗൗരവമുള്ളതാണ്. കേരള നർക്കോട്ടിക് സെല്ലിനെക്കൊണ്ട് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനമൊട്ടാകെ ആസൂത്രിതമായി കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും സ്തൂപങ്ങളും സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തില്‍ തകർക്കുകയാണ്. അണികൾക്ക് എന്തിനാണ് ഇത്തരത്തിൽ നിർദേശം നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർക്കാർ അക്രമങ്ങൾക്ക് നേതൃത്വം നൽകുകയാണ്. ഇത്തരത്തിലുളള അക്രമങ്ങളിലൂടെ കോൺഗ്രസിനെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് അക്രമത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല. ഗുണ്ടാസംഘർഷത്തിന്‍റെയും വ്യക്തിവൈരാഗ്യങ്ങളുടെയും കാരണമായി സംഭവിക്കുന്ന കൊലപാതകങ്ങൾക്ക് രാഷ്ട്രീയ നിറം നൽകി അക്രമം അഴിച്ചുവിട്ട് മുഖം രക്ഷിക്കാനുള്ള നീക്കം സി.പി.എം അവസാനിപ്പിക്കണമെന്നും ആയുധം താഴെവെക്കാന്‍ സി.പി.എം തയാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.