പ്രളയബാധിതർക്ക് ആശ്വാസമായി പ്രതിപക്ഷ നേതാവിന്റെ പരാതി സ്വീകരിക്കൽ പരിപാടി

Jaihind Webdesk
Wednesday, December 19, 2018

നൂറുകണക്കിന് പ്രളയബാധിതർക്ക് ആശ്വാസമായി പ്രതിപക്ഷ നേതാവിന്റെ പരാതി സ്വീകരിക്കൽ പരിപാടി. പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂർ പണ്ടനാട് ആണ് ആദ്യം പരാതി സ്വീകരിക്കാൻ ആരംഭിച്ചത്. തുടർന്ന് ഉച്ചക്ക് ശേഷം ഹരിപ്പാട്കാർത്തികപ്പള്ളി പ്രദേശത്തെ പരാതികൾ അദ്ദേഹം സ്വീകരിച്ചു

പ്രളയ ദുരന്തമുണ്ടായപ്പോൾ സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപാ അടിയന്തര ധനസഹായം പോലും ലഭിക്കാത്ത ആയിരക്കണക്കിന് ആളുകളാന്ന് പ്രതിപക്ഷ നേതാവിന്റെ പരാതി സ്വീകരിക്കുന്ന പരിപാടിയുടെ ആദ്യ ദിനത്തിൽ ഒഴുകി എത്തിയത്.പരാതികൾ തയ്യറാക്കുന്നതിനുൾപ്പടെ വിപുലമായ ക്രമീകരണങ്ങൾ വേദിയിൽ ഒരുക്കിയിരുന്നു. വീട് തകർന്ന വർക്ക് പണം, വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് കുടുംബശ്രീ വഴി ഒരു ലക്ഷം രുപാവരെ പലിശരഹിത വായ്പ, സ്വയംതൊഴിൽ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപാ വായ്പ എന്നീ പ്രഖ്യാപനങ്ങളിൽ വിശ്വസിച്ച് കാത്തിരുന്നവർക്ക് നൂറു ദിവസം കഴിഞ്ഞിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. പൂർണ്ണമായും വീട് തകർന്നവരുടെ വിവരങ്ങൾ പോലും ശേഖരിക്കുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ദുരിതബാധിതർക്ക് ആശ്വാസമായി പരാതി സ്വീകരിക്കുന്ന പരിപാടിയുമായി പ്രതിപക്ഷ നേതാവ് എത്തിയത്.സർക്കാർ നടപടികൾക്ക് എതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് . പ്രളയാനന്തര കേരളത്തിനായി ഒരു രൂപരേഖപോലും ഇതുവരെ തയ്യറായിട്ടില്ലന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയം സർക്കാർ അനാസ്ഥ മൂലംമാണ് ഉണ്ടായത്. ഡാമുകൾ ഒന്നിച്ച് തുറന്നതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. ദുരിതബാധിതർക്ക് സഹായം നേരിട്ട് ലഭ്യമാക്കാൻ ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഹരിപ്പാട്ടും ആയിരക്കണക്കിന് ആളുകളാണ് പരാതിയുമായി എത്തിയിരുന്നത്. എത്തിച്ചേർന്ന മുഴുവൻ ആളുകളുടെയും പരാതി നേരിട്ട് സ്വീകരിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.  ലഭിച്ച അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്കും മന്ത്രിമാർക്കും കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ പ്രതിപക്ഷ നേതാവ് നേരിട്ട് എത്തി പരാതികൾ സ്വീകരിക്കും.