കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒന്നും അറിയാന്‍ പാടില്ലായെന്നതാണ് ഇവിടത്തെ പ്രശ്‌നം; യൂണിവേഴ്‌സിറ്റി കോളജിനെ തകര്‍ക്കുന്നത് എസ്.എഫ്.ഐ ഗുണ്ടകള്‍: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, July 21, 2019

തിരുവനന്തപുരം: കേരളത്തിലെ ജനസമൂഹം ഒറ്റക്കെട്ടായി കെ.എസ്.യുവിന്റെ സമരത്തിന് പിന്തുണ നല്‍കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ഒരു കാര്യത്തെപ്പറ്റിയും മുഖ്യമന്ത്രിക്കറിയില്ല എന്നതാണ് വസ്തുത. സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന കെ.എസ്.യുവിന്റെ സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപരമായി സമരം നടത്തുന്നവരോട് പ്രശ്‌നങ്ങള്‍ ആരായുകയും പരിഹരിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ കടമ, എന്നാല്‍ കെ.എസ്.യുവിന്റെ സമരം എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതുതന്നെയാണ് കേരളത്തിലെയും പ്രശ്‌നം. കേരളത്തില്‍ നടക്കുന്ന ഒന്നിനെക്കുറിച്ചും മുഖ്യമന്ത്രി അറിയുന്നില്ല. അദ്ദേഹം ചെവികളും കണ്ണുകളും തുറന്നുവെയ്‌ക്കേണ്ടിയിരിക്കുന്നു. നെടുങ്കണ്ടത്ത് ഉരുട്ടിക്കൊല അദ്ദേഹം അറിഞ്ഞില്ല, കുമ്പളത്ത് അര്‍ജുനന്‍ കാണാതായ സംഭവത്തിലെ പോലീസ് അനാസ്ഥ അറിഞ്ഞില്ല, സാജന്‍രെ കാര്യത്തിലും മാവേലിക്കരയിലെ ജയിലിലെ കൊലപാതകവും മുഖ്യമന്ത്രി അറിഞ്ഞില്ല. അതുപോലെ കേരളത്തിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ല.
കേരളത്തിലെ ജനസമൂഹം ഒറ്റക്കെട്ടായി കെ.എസ്.യുവിന്റെ സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. ജനവികാരം മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് കേരളത്തിലെ ദുര്യോഗം. അതുകൊണ്ടാണ് ഭരണകൂടത്തിന് ഇടയ്ക്കിടെ തിരിച്ചടി നല്‍കുന്നത്.

ഹൈടെക് കത്തി ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥിയെ കുത്തിയത് അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ, ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? യൂണിവേഴ്‌സിറ്റി കോളജിന്റെ അന്തസ്സും ആഭിജാത്യവും തകര്‍ത്തത് എസ്.എഫ്.ഐ ഗുണ്ടകളാണ്. അതിനാണ് അറുതി വരുത്തേണ്ടത്. കെ.എസ്.യുവിന്റെ സമരം സമാധാനപരമാണ്. എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പോലെ അക്രമസമരത്തില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. ജനകീയ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍, സാമൂഹിക വിരുദ്ധര്‍ക്ക് പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടുന്ന അവസ്ഥയെക്കുറിച്ചൊക്കെ മുഖ്യമന്ത്രി അറിഞ്ഞില്ലായെന്ന മട്ട് സ്വീകരിക്കരുത്. മുതലാളിത്തശൈലി ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോ എന്ന് പിണറായി ചിന്തിക്കേണ്ടിയിരിക്കുന്നു.